കണ്ണൂര്‍: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതൃപദവിയില്‍ അഴിമതിക്കാര്‍ കടിച്ചുതൂങ്ങുന്ന സാഹചര്യം കേരളത്തിന്റെ ജനാധിപത്യത്തിന് തന്നെ തീരാക്കളങ്കമാവുകയാണെന്ന് വടകര എംഎല്‍എ കെ കെ രമ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനവുമായി കെ കെ രമ രംഗത്തെത്തിയിരിക്കുന്നത്.
പ്രതിപക്ഷ ഉപനേതൃപദം ആര്‍ക്കെങ്കിലും വിട്ടുകൊടുക്കുമോ എന്നതല്ല, മറിച്ച് കേരളത്തിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് അഴിമതിക്കാരെ സിപിഐഎം ഇറക്കിവിടുമോ എന്നതാണ് ജനാധിപത്യ കേരളം ഉത്തരം തേടുന്ന ചോദ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ മുന്നില്‍ നിന്ന് നയിക്കേണ്ടുന്ന പ്രതിപക്ഷനേതാവ് തന്നെ സകുടുംബം ഗുരുതരമായ അഴിമതിയാക്ഷേപങ്ങളുടെ ചെളിക്കുണ്ടില്‍ പുതഞ്ഞുകിടക്കുന്ന ദയനീയമായ കാഴ്ചയ്ക്കാണ് നാമിവിടെ സാക്ഷികളാവുന്നത്.
മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജന്‍സികളുടെ അന്വേഷണവലയില്‍ കുടുംബസമേതം കുരുങ്ങിക്കിടക്കുന്നൊരാളെ, തങ്ങളുടെ നേതൃപദവിയില്‍ നിന്ന് അടിയന്തിരമായി പുറത്താക്കി പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ധാര്‍മ്മിക വിശുദ്ധി വീണ്ടെടുക്കാന്‍ കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷി നേതൃത്വങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ നമ്മുടെ ജനാധിപത്യത്തിന്റെ തന്നെ അന്തസ്സാണ് ഊതിക്കെടുത്തുന്നതെന്നും രമ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നടിച്ചു. ഹവാലാ ഇടപാടുകളുടെ റെഡ്ബുക്ക് വിവരങ്ങളില്‍ ഇന്നാട്ടിലെ പൊതുജനത്തിന്റെ സാമാന്യബുദ്ധിക്ക് ദഹിക്കാവുന്ന എന്തെങ്കിലും വിശദീകരണം വിജയനോ, വീണയ്‌ക്കോ, മുഹമ്മദ് റിയാസിനോ നാളിതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, അങ്ങിനെയൊരു കണക്കുപുസ്തകമില്ലെന്ന് വിജയനും, ഉണ്ടെന്ന് മുഹമ്മദ് റിയാസും പരസ്പരവിരുദ്ധമായ പ്രസ്താവനകളിറക്കിയതിനും നാം തന്നെ സാക്ഷിയായെന്നും രമ ചൂണ്ടിക്കാട്ടി.