തിരുവനന്തപുരം: കണ്ണൂർ ജില്ലയിലുണ്ടായ തിരഞ്ഞെടുപ്പ് തിരിച്ചടികളിൽ ആത്മവിമർശനവുമായി സിപിഎം പ്രവർത്തന റിപ്പോർട്ട്. ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തിൽ പാർട്ടി അണികളെ സത്യം ബോധ്യപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്ന് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. കെ.കെ. ശൈലജയെ പേരാവൂരിൽ സ്ഥാനാർഥിയാക്കിയത് ഒതുക്കാനാണെന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
ഈ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. ജില്ലയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് സ്ഥാനാർഥിയില്ലാതിരുന്നതും തിരിച്ചടിക്ക് കാരണമായെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. പയ്യന്നൂരിൽ ഏരിയാ കമ്മിറ്റിയുടെ വീഴ്ചയും പരാജയത്തിന് വഴിവെച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മട്ടന്നൂരിൽ വോട്ടുകൾ കുറഞ്ഞതും ഏരിയാ കമ്മിറ്റിയുടെ പിടിപ്പുകേടാണെന്ന വിമർശനമുണ്ട്. ഗ്രൂപ്പ് ചർച്ചയിൽ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും രൂക്ഷവിമർശനം നേരിട്ടു. എന്നാൽ, തിരഞ്ഞെടുപ്പ് തിരിച്ചടികളുടെ ഉത്തരവാദിത്വം മുഴുവൻ ഏരിയാ കമ്മിറ്റികളുടെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് ചില പ്രതിനിധികൾ വിമർശിച്ചു.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്കു പിന്നാലെ ഒക്ടോബർ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ചേരും. പാർട്ടിയുടെ തെറ്റുതിരുത്തൽ നടപടികളുടെ വിശദമായ വിലയിരുത്തൽ യോഗത്തിൽ നടക്കും. മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ഉൾപ്പെടെയുള്ള വിഷയങ്ങളും സിപിഎമ്മിന് മുന്നിലുണ്ട്.