പാരീസ്: ഫ്രാൻസിൽ തുടങ്ങിയ ജനകീയ പ്രതിഷേധം യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും പടരുന്നു. ഇറ്റലി, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലും സർക്കാർ വിരുദ്ധ റാലികൾ ശക്തമായി. ജീവിതച്ചെലവിലെ വർധന, കുറഞ്ഞ വേതനം, ഭവനപ്രതിസന്ധി, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയാണ് വിവിധ രാജ്യങ്ങളിൽ ജനങ്ങളെ തെരുവിലിറക്കുന്നത്. ഇറ്റലിയിലെ മിലാനിൽ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതേസമയം, ഫ്രാൻസിലെ അക്രമസംഭവങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. പ്രതിഷേധങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി.
ജീവിതച്ചെലവുകളും അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫ്രാൻസിൽ പ്രതിഷേധം ശക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ചുവടുപിടിച്ച് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും വിവിധ ആവശ്യങ്ങളുന്നയിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ഇറ്റലി, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ എന്നിവിടങ്ങളിലാണ് സർക്കാർ നയങ്ങൾക്കെതിരെയും സാമ്പത്തിക പ്രതിസന്ധിക്കെതിരെയും പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഇറ്റലിയിലെ മിലാനിൽ വർധിച്ചുവരുന്ന നിത്യച്ചെലവുകൾക്കും കുറഞ്ഞ വേതനത്തിനുമെതിരെ ‘ഇറ്റാലിയ ഇൻ പിയാസ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രതിഷേധത്തിനിടെ മുഖംമൂടി ധരിച്ച ചിലർ പൊലീസിനു നേരെ കല്ലെറിയുകയും ബാരിക്കേഡുകൾക്ക് തീയിടുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അമ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ഭവനപ്രതിസന്ധിക്കും കുറഞ്ഞ ശമ്പളത്തിനുമെതിരെയാണ് പ്രതിഷേധം ശക്തമായത്. റോസിയോ സ്ക്വയറിൽ ടെന്റുകൾ സ്ഥാപിച്ചാണ് ചിലർ സമരം തുടരുന്നത്. നികുതി അടയ്ക്കുന്ന സാധാരണക്കാർക്ക് സ്വന്തമായി വീട് ലഭിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാകുകയാണെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. മെച്ചപ്പെട്ട ശമ്പളം, ഉയർന്ന പെൻഷൻ, കുറഞ്ഞ വാടക എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ.
ബെൽജിയത്തിൽ പൊതുകടം കുറയ്ക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന ബജറ്റ് ചെലവുചുരുക്കൽ നടപടികൾക്കും വിദ്യാഭ്യാസ പരിഷ്കരണങ്ങൾക്കുമെതിരെയാണ് തൊഴിലാളി യൂണിയനുകളും വിദ്യാർഥികളും രംഗത്തിറങ്ങിയത്. അൽബേനിയയിൽ സർവകലാശാലകളിലെ മോശം സാഹചര്യങ്ങൾ, ഉയർന്ന പഠനച്ചെലവ്, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ വിദ്യാർഥികൾ ആരംഭിച്ച സമരം പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന ഭരണവിരുദ്ധ പ്രക്ഷോഭമായി മാറിയതായും റിപ്പോർട്ടുകളുണ്ട്.
ഫ്രാൻസിൽ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചരിത്രസ്മാരകങ്ങൾക്ക് തീയിടുകയും ചെയ്ത സംഭവങ്ങൾ വലിയ ആശങ്കയ്ക്കിടയാക്കി. അക്രമസംഭവങ്ങൾ അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. അതേസമയം, ജീവിതച്ചെലവിലെ വർധനയും ഇന്ധനവിലയിലുണ്ടായ കുതിപ്പും ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങളെ തള്ളിപ്പറഞ്ഞ മാക്രോൺ, സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ആവശ്യങ്ങൾ ന്യായമാണെന്നും വ്യക്തമാക്കി.
ഫ്രാൻസിലുടനീളം നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് 1,800-ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തതായും പാരീസിൽ മാത്രം 855 പേർ കസ്റ്റഡിയിലായതായും റിപ്പോർട്ടിൽ പറയുന്നു. ലിമോഗ്സിൽ 143 വർഷം പഴക്കമുള്ള ചരിത്രസ്മാരകത്തിന് തീയിട്ടു നശിപ്പിച്ചതായും വിവരമുണ്ട്.
അതിനിടെ, ഫ്രാൻസിലെയും യൂറോപ്പിലെയും പ്രതിഷേധങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്നും സമാനമായ സാഹചര്യം അമേരിക്കയിൽ ഉണ്ടാകാതിരിക്കാൻ അതിർത്തികൾ അടച്ചുപൂട്ടണമെന്നും ട്രംപ് പ്രതികരിച്ചു. എന്നാൽ പ്രതിഷേധങ്ങളുടെ കാരണങ്ങൾ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.