കല്പറ്റ: പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട് ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു. ഇതോടൊപ്പം അങ്കണവാടി ജീവനക്കാർക്കായി സംഘടിപ്പിച്ച ശാക്തീകരണ പരിശീലന പരിപാടി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര അങ്കണവാടിയിൽ നടന്ന ചടങ്ങിൽ കൃഷി, മണ്ണുസംരക്ഷണ മണ്ണുസർവേ വകുപ്പ് മന്ത്രി ടി. സിദ്ധിഖ് കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ദീപം തെളിയിക്കലും നിർവ്വഹിച്ചു. സി.ഐ.ഐ ഫൗണ്ടേഷൻ, ഈസ്റ്റേൺ – ഓർക്ള ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ വയനാട് ജില്ലാ ഭരണകൂടം, വനിതാ ശിശുവികസന വകുപ്പ്, ഐ.സി.ഡി.എസ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കിയത്. പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലെ ശിശുക്ഷേമ-മുൻഗണനാ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ ഇത്തരം കോർപ്പറേറ്റ് പങ്കാളിത്ത പദ്ധതികൾക്ക് കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
ചടങ്ങിൽ കല്പറ്റ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ഗീത എം. ഷാജി സ്വാഗതം ആശംസിച്ചു.
പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സി.ഇ.ഓ ഗിരീഷ് നായർ നിർവ്വഹിച്ചു. ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി ഗീത എം.ജി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
“സമൂഹനന്മയ്ക്കായുള്ള പ്രവർത്തനങ്ങൾ ഭാവിതലമുറകൾക്ക് ശാശ്വതമായ മാറ്റം ഉണ്ടാക്കുമ്പോഴാണ് ഏറ്റവും അർത്ഥവത്താകുന്നത് എന്നാണ് ഈസ്റ്റേണിൽ ഞങ്ങൾ വിശ്വസിക്കുന്നത്. ഈ പദ്ധതിയിലൂടെ, വയനാട്ടിലെ കൊച്ചുകുട്ടികൾക്ക് കൂടുതൽ സുരക്ഷിതവും സ്വാഗതാർഹവും ശിശുസൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സി.ഐ.ഐ ഫൗണ്ടേഷൻ, ജില്ലാ ഭരണകൂടം, പ്രാദേശിക പങ്കാളികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. ഈ അങ്കണവാടികളുടെ നവീകരണവും ജീവനക്കാരുടെ പരിശീലനവും ദീർഘകാല സമൂഹവികസനത്തെ പിന്തുണയ്ക്കുന്നതിനും ഭാവിതലമുറയ്ക്കായി ശക്തമായ അടിത്തറ പാകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നത്,” ഗിരീഷ് നായർ വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, വൈസ് പ്രസിഡന്റ് ജോൺ മാതാ,വാർഡ് മെമ്പർ സുരേഷ് എസ്., എ.എൽ.എം.സി. കമ്മറ്റി മെമ്പർ ബാബു പി. എന്നിവർ ആശംസകൾ നേർന്നു. കൽപ്പറ്റ സി.ഡി.പി.ഓ ഷൈജ കെ. പി. ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
കല്പറ്റ നഗരസഭയ്ക്ക് പുറമെ മുട്ടിൽ, പടിഞ്ഞാറത്തറ, മേപ്പാടി, പൂതാടി, വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, മൂപ്പൈനാട് എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലുമായാണ് 16 അങ്കണവാടികൾ അത്യാധുനിക രീതിയിൽ പുനരുദ്ധരിച്ചത്. കെട്ടിടങ്ങളെത്തന്നെ പഠനസഹായികളാക്കുന്ന ‘ബാല’ (Building as Learning Aid) ആശയം മുൻനിർത്തി ശിശുസൗഹൃദപരമായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. കുടിവെള്ള പൈപ്പ്ലൈൻ സ്ഥാപിക്കൽ, വൈദ്യുതീകരണം, ഫോൾസ് സീലിങ്, പ്ലംബിംഗ്, തറ ഓടുകൾ പാകൽ, ട്രസ് റിപ്പയർ, അടുക്കള നവീകരണങ്ങൾ, വർണ്ണാഭമായ ചിത്രപ്പണികൾ, ഭിന്നശേഷി കുട്ടികൾക്കായി പ്രത്യേക റാംപുകൾ, പ്രകൃതിസൗഹൃദ ബേബി ടോയ്ലെറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ ജില്ലയിലെ 876 അങ്കണവാടി ജീവനക്കാർക്ക് രണ്ടുദിവസം നീണ്ട പ്രത്യേക പരിശീലന ശിൽപ്പശാലകളും പൂർത്തിയാക്കി.