ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ആരോപിച്ചുള്ള പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ കോക്ക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയെ ഉപാധികളോടെ വിട്ടയക്കാൻ ഡൽഹി കോടതി ഉത്തരവ്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് ചെയ്ത ദിപ്കെയ്ക്ക് ശനിയാഴ്ചയാണ് കോടതി മോചനം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട് സമർപ്പിക്കണമെന്നും സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകണമെന്നും കോടതി നിർദേശിച്ചു. കൂടാതെ അടുത്ത ഒരു വർഷക്കാലത്തേക്ക് സമാധാന അന്തരീക്ഷം നിലനിർത്താൻ സഹകരിക്കുക, അക്രമസംഭവങ്ങളിൽ ഏർപ്പെടാതിരിക്കുക, അനധികൃത സംഘംചേരൽ നടത്താതിരിക്കുക തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ദിപ്കെ മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങി.
ദിപ്കെയെ കൂടാതെ അഖിലേന്ത്യാ വിദ്യാർഥി സംഘടനയായ എഐഎസ്എയുടെ പ്രസിഡന്റ് നേഹ ബോറയെയും വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ശനിയാഴ്ച പുലർച്ചെ തന്നെ ബോറയെ വിട്ടയച്ചു. ദിപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി ഡൽഹി പോലീസ് അറിയിച്ചു. അതേസമയം, ജന്തർ മന്തറിൽ അതിക്രമിച്ചുകയറിയെന്ന കേസിൽ സി.ജെ.പി നേതാക്കളായ ആശുതോഷ് റങ്കയും സൗരവ് ദാസും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കഴിഞ്ഞ ആഴ്ച ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് കണാട്ട് പ്ലേസിലേക്ക് നടത്താൻ തീരുമാനിച്ച ‘ലഹ്റാ ദോ തിരംഗ’ പ്രതിഷേധ മാർച്ചിന് മുന്നോടിയായാണ് ദിപ്കെയെയും നേഹ ബോറയെയും മുൻകരുതൽ നടപടിയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറഞ്ഞു. ദേശീയ പതാക ഉയർത്തി പ്രതിഷേധിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. പോലീസ് നടപടികൾക്കിടയിലും വിദ്യാർഥികളും മറ്റുള്ളവരും ദേശീയ പതാകകളുമായി ചെറിയ പ്രതിഷേധ മാർച്ചുകൾ നടത്തി.
ഡൽഹി പോലീസ് ആക്ട് പ്രകാരമുള്ള കസ്റ്റഡി നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ബോറയെ വിട്ടയച്ചത്. എന്നാൽ, സമാധാനത്തിന് ഭംഗം വരുത്തിയെന്നാരോപിച്ച് ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 126, 170 വകുപ്പുകൾ പ്രകാരം ദിപ്കെയെ പുതിയ കേസിൽ ഔദ്യോഗികമായി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഒക്ടോബർ 10ന് ഡൽഹി വിമാനത്താവളത്തിൽ വിമാനത്തിനുള്ളിൽനിന്ന് ദിപ്കെയെ കസ്റ്റഡിയിലെടുത്തപ്പോഴും സമാധാനത്തിന് ഭംഗം വരുത്തിയെന്നാരോപിച്ച് മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒരു വർഷത്തേക്ക് സമാധാനം തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടിൽ ഒപ്പിടാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.
മോചിതയായതിന് പിന്നാലെ ഡൽഹി പോലീസിനെയും കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെയും രൂക്ഷമായി വിമർശിച്ച ബോറ, കസ്റ്റഡി നടപടികൾ നിയമവിരുദ്ധമാണെന്ന് ആരോപിച്ചു. വോട്ടർപട്ടികയിലെ വിവാദമായ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) അവസാനിപ്പിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ച് ജയിലിലാകണമെന്നും അവർ ആവശ്യപ്പെട്ടു.
“മണ്ഡി ഹൗസിൽവെച്ചാണ് എന്നെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ അഞ്ചുമണി വരെ രാത്രി മുഴുവൻ പോലീസ് സ്റ്റേഷനിൽ പാർപ്പിച്ചു. എന്തിനാണ് നിങ്ങൾ (പോലീസ്) ഇത്തരം നിയമവിരുദ്ധ കസ്റ്റഡി നടപടികൾ സ്വീകരിക്കുന്നത്? രാജ്യത്ത് ഏറെക്കാലമായി ഇത്തരം കാര്യങ്ങൾ നടക്കുന്നുണ്ട്. ഈ പ്രതിഷേധ പ്രസ്ഥാനം ഇത്തരം കസ്റ്റഡി നടപടികൾ തുറന്നുകാട്ടിയിരിക്കുകയാണ്. നിയമവും ക്രമവും പാലിക്കുന്നുവെന്നും നിയമപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ, അതൊന്നും ഇവിടെ നടക്കുന്നില്ല,” വാർത്താ ഏജൻസിയായ പിടിഐയോട് നേഹ ബോറ പറഞ്ഞു.
അതേസമയം വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങൾക്കും സുപ്രീംകോടതിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. പ്രതിപക്ഷ പാർട്ടികളും സിജെപിയും വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തുന്ന പ്രതിഷേധങ്ങളെ വിദേശ ഫണ്ടിങ്ങിന്റെ ഭാഗമായും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമായും ബിജെപി വിശേഷിപ്പിക്കുന്നു. വെള്ളിയാഴ്ച ക്രമസമാധാനം നിലനിർത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമായി ഏകദേശം 150 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.