പാലക്കാട്: വാണിയംകുളം അങ്ങാടിയിൽ വെച്ച് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ 18-കാരന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരപക്കേറ്റു. വാണിയംകുളം പനയൂർ പുതുക്കാട്ടിൽ വീട്ടിൽ ഷിബിൽ (18) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാവുക്കോണം പാറമേൽ വീട്ടിൽ പ്രജിത്തിനെ (26) വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഫുട്ബോൾ കളിക്കുന്നതിനിടെ പരുക്കുപറ്റിയ സുഹൃത്തുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അമിത വേഗത്തിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു, വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കളിക്കിടെ പരുക്കുപറ്റിയ പ്രജിത്തിനെ കണിയാംപുറം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ഒറ്റപ്പാലം ഭാഗത്തുനിന്നു വന്ന ചരക്കുലോറി നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നാലെ മുന്നോട്ടുനീങ്ങി തൊട്ടടുത്തുള്ള മതിലിൽ ഇടിച്ചാണ് ലോറി നിന്നത്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.