റിയാദ്/ കൊളംബോ: സാമൂഹിക മാധ്യമത്തിലൂടെ ഇസ്ലാമിനെതിരെ മതനിന്ദ പരാമർശം നടത്തിയെന്ന പരാതിയിൽ ശ്രീലങ്കൻ യുവാവിന് വിധിച്ച വധശിക്ഷ സൗദി അറേബ്യയിലെ സുപ്രിംകോടതി റദ്ദാക്കി. അനോജൻ ശിവരാസ (27) എന്ന യുവാവിൻറെ വധശിക്ഷയാണ് റദ്ദാക്കിയതെന്ന് ശ്രീലങ്കൻ ഉപവിദേശകാര്യ മന്ത്രി അരുൺ ഹേമചന്ദ്ര അറിയിച്ചു. ഫേസ്ബുക്കിലെ കമൻറുമായി ബന്ധപ്പെട്ട കേസിലാണ് നേരത്തേ വധശിക്ഷ വിധിച്ചിരുന്നത്. ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും അപമാനിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സൗദി അപ്പീൽ കോടതി യുവാവിന് വധശിക്ഷ വിധിച്ചത്. കേസ് ശ്രീലങ്കയിൽ വലിയ ആശങ്കയുണ്ടാക്കുകയും യുവാവിന് മാപ്പ് ലഭിക്കുന്നതിനായി നയതന്ത്രതലത്തിൽ ഇടപെടലുകൾ ശക്തമാകുകയും ചെയ്തിരുന്നു.
അതേസമയം ജൂൺ അവസാനത്തോടെ സമൂഹമാധ്യമങ്ങളിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ടാണ് വിവാദങ്ങളുടെ തുടക്കം. ഇതിനു പിന്നാലെ ഓൺലൈനിൽ മതപരമായ തർക്കങ്ങൾ ഉയർന്നു. ശിവരാസ തമിഴിൽ പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിക്കുന്ന കമൻറ് പോസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. പിന്നീട് യുവാവ് കമൻറ് നീക്കുകയും മാപ്പുപറയുന്ന വീഡിയോ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കമൻറെിൻറെ സ്ക്രീൻഷോട്ട് തൊഴിലുടമയുടെയും സൗദി അധികൃതരുടെയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജൂലൈയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് അൽ അഹ്സ ക്രിമിനൽ കോടതി നേരത്തേ അഞ്ച് വർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിച്ചിരുന്നു. പിന്നീട് അപ്പീൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് കേസിൽ സൗദി അധികൃതരുമായി നിയമതലത്തിൽ ചർച്ച നടത്തുന്ന ശ്രീലങ്കൻ നിയമനിർമാതാവ് ഫൈസർ മുസ്തഫ ‘ബിബിസി’യോട് പറഞ്ഞു. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും യുവാവിൻറെ വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.