BREAKING NEWS

വീട്ടുമുറ്റത്ത് കിടന്നുറങ്ങാൻ പതിവായി വന്നിരുന്ന മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ അരക്കിലോമീറ്ററോളം ഓടിച്ച് കല്ലെറിഞ്ഞു;, അവശനായി വീണപ്പോൾ കുടിക്കാൻ വെള്ളം ചോദിച്ചു, വായിൽ കള്ളൊഴിച്ച് പ്രതികൾ; മൂലത്തറ ഡാം ആൾക്കൂട്ടക്കൊലക്കേസിൽ ഏഴുപേർ അറസ്റ്റിൽ

· · 1 min read
Share: Copied!

പാലക്കാട്: മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആൾക്കൂട്ടക്കൊലപാതകമെന്ന് പോലീസ്. പലതവണ പറഞ്ഞിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ വൈരാഗ്യത്തിലാണ് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന 40കാരനെ ക്രൂരമായി മർദിച്ചുകൊന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ പ്രധാന പ്രതിയായ മൂലക്കടവ് സ്വദേശി കതിരേശൻ ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് മറ്റു പ്രതികൾ.

പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് ഭിക്ഷാടകനായ യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും പലതവണ അടിയേറ്റ യുവാവ് നിലത്തുവീണ ശേഷവും ആക്രമണം തുടർന്നതായി പോലീസ് വ്യക്തമാക്കി.

ഞായറാഴ്ച രാവിലെ 8.30നാണ് മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

പ്രതികൾ ഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെ യുവാവ് അതുവഴി നടന്നുപോകുന്നത് കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് അരക്കിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിച്ച സംഘം മൂലത്തറ ഡാമിന് സമീപം ഇയാളെ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. അവശനായി വെള്ളം ചോദിച്ച യുവാവിന്റെ വായിലേക്ക് പ്രതികൾ കള്ള് ഒഴിച്ചുകൊടുത്തതായും പോലീസ് പറയുന്നു.

കൊല്ലപ്പെട്ട യുവാവിന് സംസാരശേഷിയില്ലായിരുന്നുവെന്ന് സംശയിക്കുന്നുണ്ട്. ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. മരിച്ചയാളെ തിരിച്ചറിയുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

BREAKING NEWS
വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറി, ബഹളം വച്ചതോടെ മര്‍ദിച്ച് അവശയാക്കി, പിന്നാലെ ക്രൂര പീഡനം, റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ 60കാരിയെ ബലാത്സംഗം ചെയ്തു, 25കാരന്‍ പിടിയില്‍
28 Nov 2026
BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026