കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനിക്കൂപ്പർ ഇടിച്ചുണ്ടായ ദാരുണാപകടത്തിൽ കൊല്ലപ്പെട്ട ഗോപികയുടെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ഈ കേസ് അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനും വൻതോതിൽ ശ്രമം നടക്കുന്നുണ്ടെന്ന് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിലെ വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാത്ത ഇടത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്. പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും. ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരൻ എറിഞ്ഞുപിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടിവരുമെന്നും എം.ആർ. അനിൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പുലർച്ചെ നാടിനെ നടുക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മൂന്ന് ജീവനുകളാണ് നിരത്തിൽ പൊലിഞ്ഞത്. ഓട്ടോറിക്ഷ തൊഴിലാളിയായ പ്രദീപ് കുമാറിന്റെ മകൾ ഗോപികയും സുഹൃത്തുക്കളായ ദേവിക, ഇയ്യാസ് എന്നിവരുമാണ് പുലർച്ചെയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. പഠനച്ചെലവിനായി ഡാറ്റാ അനലിറ്റിക്സ് കോഴ്സിനൊപ്പം തൃക്കാക്കരയിലെ ആന്റിക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു ഗോപിക. നൈറ്റ് ഷിഫ്റ്റിനുശേഷം ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇവരുടെ സ്കൂട്ടറിലേക്ക് ഇടിച്ചുകയറിയത്.
എം.ആർ. അനിൽകുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
പ്രിയമുള്ളവരേ,
എൻ്റെ അനിയൻ എം.ആർ. പ്രദീപ് കുമാറിൻ്റെ മൂത്ത മകൾ ഗോപിക നെടുമ്പാശ്ശേരിയിൽ വെച്ച് നാല് പ്രതികൾ അത്യധികം മദ്യപിച്ച് ഉണ്ടാക്കിയ വാഹനാപകടത്തിൽ മരിച്ച വിവരം നിങ്ങളെല്ലാം അറിഞ്ഞിരിക്കുമല്ലോ. എൻ്റെ സ്വന്തം സഹോദരൻ്റെ മകളാണ്. എനിക്ക് സ്വന്തം മകളെപ്പോലെയാണ് അവളും. രാത്രി രണ്ടുമണിക്ക് അവളും മറ്റു സുഹൃത്തുക്കളും ചേർന്ന് നെടുമ്പാശ്ശേരി എയർപോർട്ട് ഭാഗത്തുനിന്ന്, നൈറ്റ് ഷിഫ്റ്റിലുള്ള പാർട്ട് ടൈം ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ച് സ്വന്തം താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ഈ നരഹത്യ നടന്നത്.
എൻ്റെ സഹോദരൻ ഒരു ഓട്ടോറിക്ഷ തൊഴിലാളിയാണ്. വളരെ പാവപ്പെട്ട കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ചുവളർന്ന സാധാരണക്കാരായ മാതാപിതാക്കളുടെ മക്കളാണ് ഞങ്ങൾ. കൂലിപ്പണി ചെയ്തും തയ്യൽ ജോലി നടത്തിയും ചായക്കട നടത്തിയും ഒക്കെയാണ് ഞങ്ങൾ പഠിച്ചതും ജോലി കണ്ടെത്തിയതും. എൻ്റെ സഹോദരൻ്റെ മകൾ ഗോപിക ബി.സി.എ. പാസ്സായതും പിന്നീട് ഡാറ്റാ അനലിറ്റിക്സ് കോഴ്സ് പാസ്സായതും നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത് കിട്ടുന്ന പണംകൊണ്ടാണ്.
തുടർപഠനത്തിനുള്ള പണം കണ്ടെത്താനും ഓട്ടോ തൊഴിലാളിയായ അച്ഛനെ ബുദ്ധിമുട്ടിക്കാതിരിക്കാനുമാണ് എൻ്റെ കുട്ടി അവൾ പഠിച്ച സ്ഥാപനത്തിനോട് ചേർന്ന ഒരു ആന്റിക് ഷോപ്പിൽ, അവളുടെ ദീർഘകാല സുഹൃത്തുക്കളോടൊപ്പം മാതാപിതാക്കളുടെ അറിവോടെയും സമ്മതത്തോടെയും ജോലി ചെയ്തുവരുന്നത്. വീക്കെൻഡ് ആയതിനാൽ എയർപോർട്ടിനോടു ചേർന്നുള്ള ഫുഡ് കോർട്ടിൽനിന്ന് ഭക്ഷണം കഴിച്ച് ഹോംസ്റ്റേയിലേക്ക് മടങ്ങവേയാണ് കൊലയാളി ഞങ്ങളുടെ കുട്ടിയെ അടക്കം മൂന്നു പേരെ കൊലപ്പെടുത്തിയത്. അതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ അടക്കം നിരവധി തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പുറത്തുവന്നുകഴിഞ്ഞു.
പ്രതി അമിത മദ്യപനായിരുന്നു എന്ന് സി.ഐ. അടക്കമുള്ള ഉദ്യോഗസ്ഥർ മാധ്യമങ്ങളോടും എന്നോടും ഏറ്റവും അനുഭാവത്തോടെ വെളിപ്പെടുത്തിയതുമാണ്. പ്രതി നാട്ടുകാരോട് “വാപ്പ രക്ഷിച്ചോളും” എന്ന് വീരവാദം പറഞ്ഞതും സാക്ഷിമൊഴികളായി നമ്മൾ കണ്ടതാണ്. വലിയ കോടീശ്വരന്മാരായ മാതാപിതാക്കളുടെ മകനും കൂട്ടുകാരുമാണ് പ്രതികൾ. മകനെയും കൂട്ടുപ്രതികളെയും രക്ഷിക്കാൻ ലക്ഷങ്ങൾ അവർ വാരിവിതറുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. മലയാളത്തിലെ ഒരു വിഖ്യാത നടിക്ക് നീതി വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന അതേ പ്രദേശത്താണ് ഈ നരഹത്യയും നടന്നിട്ടുള്ളത്.
എന്നിട്ട് അതിലെ പ്രതിയെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി ലോക്കപ്പിലടയ്ക്കുന്നതിനു പകരം പാലൂട്ടാൻ ജുവനൈൽ ഹോമിലേക്ക് വിടാനാണ് ഭാവമെങ്കിൽ ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥയെപ്പറ്റി സംശയമുണ്ടാകും. ഭരണകൂടത്തിൻ്റെ പിന്തുണയോടെ കോടീശ്വരൻ എറിഞ്ഞുപിടിച്ച് കീശയിലിടുന്നതാണോ നീതി എന്ന് ഓരോ സാധാരണ മലയാളിയും സംശയിക്കേണ്ടിവരും.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശനും ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന ഡി.ജി.പിക്കും ഈ സംശയം ദൂരീകരിക്കാൻ വല്ല നൈതിക ബാധ്യതയും സ്വീകരിക്കാനുണ്ടോ എന്ന് ഉത്തരവാദിത്തപ്പെട്ട ഒരു ബന്ധു എന്ന നിലയിൽ ചോദിക്കുന്നു. എന്തിനാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ ശമ്പളം കൊടുത്തു വെച്ചിരിക്കുന്നത് എന്ന സംശയത്തിനും ഉത്തരം കിട്ടണം. നീതിക്ക് നിങ്ങൾ വല്ല വിലയും കൽപിക്കുന്നുണ്ടെങ്കിൽ മറുപടി തരണം.