പാലക്കാട്: പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. മൂലത്തറ ഡാമിന് സമീപത്തെ കള്ളുഷാപ്പിന് മുന്നിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഞായറാഴ്ച രാവിലെ ഭിക്ഷാടകനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്‌മോർട്ടം നടത്തി. പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശരീരമാസകലം കല്ലുകൾ പോലുള്ള കട്ടിയുള്ള വസ്തുകൊണ്ടേൽപ്പിച്ച വിധമുള്ള വലിയ മുറിവുകളും ചതവുകളുമാണെന്നാണ് വിവരം. മരിച്ചയാളുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.
സംഭവത്തിൽ മീനാക്ഷിപുരം പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, പ്രതികൾ തമ്മിലുള്ള ബന്ധം, സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് അന്വേഷണം തുടരുകയാണ്.