തിരുവനന്തപുരം: മിനി കൂപ്പർ അപകടക്കേസിൽ പ്രതിക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസിൽ ഒരു മന്ത്രിയും ഇടപെടില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവരുടെ കുടുംബം നീതി ലഭിക്കുമോ എന്ന ആശങ്ക പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്നും അവരുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
21 വയസിൽ താഴെയുള്ള കുറ്റവാളികളെ പാർപ്പിക്കുന്നത് ബോസ്റ്റൽ സ്കൂളിലാണ്. അതാണ് നിയമം. അതിന്റെ അർത്ഥം പ്രതി കേസിൽ നിന്ന് രക്ഷപ്പെട്ടുവെന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ആ വ്യക്തിക്ക് നല്കാനുള്ള നടപടിയാണ് പോലീസ് സ്വീകരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് യാതൊരു ആശങ്കയും വേണ്ട. ആളുകൾ എന്തൊക്കെയോ പറഞ്ഞ് അവരെ തെറ്റിദ്ധരിപ്പിക്കുന്നു. ആഭ്യന്തര മന്ത്രി
ആഭ്യന്തരമന്ത്രി എന്ന നിലയിൽ ഞാൻ പറയുന്നു, പ്രതിക്ക് കൊടുക്കാൻ കഴിയാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നൽകും. അതിൽ ഒരു സംശയവും വേണ്ട. ആലപ്പുഴ ജില്ലക്കാരനാണെന്ന് പറയുന്നു. ഏത് ജില്ലക്കാരനായാലും എന്താണ്? രക്ഷിക്കാൻ ഒരു മന്ത്രിയും ഇടപെടില്ല. എന്റെ മണ്ഡലത്തിൽപ്പെട്ട ആളല്ല. അതെല്ലാം വെറുതെ പറയുന്നതാണ്. രക്തം പരിശോധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മദ്യപിച്ച വിവരം രേഖപ്പെടുത്താൻ കഴിയൂ. നിയമപരമായി മാത്രമേ എല്ലാം ചെയ്യാൻ പറ്റൂ. മരിച്ചവരുടെ കുടുംബത്തിന്റെ ആശങ്കകൾ ഞങ്ങൾ പരിഗണിക്കുന്നുണ്ട്. എന്റെ ജില്ലയിൽപ്പെട്ട ആളാണ് പ്രതി. പക്ഷേ പ്രതിയെ രക്ഷിക്കാൻ ഒരു നീക്കവും ഉണ്ടാകില്ല — രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന ഗോപികയുടെ കുടുംബത്തിന്റെ ആരോപണങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഗുരുതരമായ അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടമായിട്ടും പ്രതിക്കെതിരെ സ്വീകരിക്കുന്ന നടപടികളിൽ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നു. പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽനിന്ന് വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും ദുരൂഹതയുണ്ടെന്നായിരുന്നു ഗോപികയുടെ പിതാവിന്റെ ആരോപണം. കേസിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകൾ ഉണ്ടായതായി സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രതിക്ക് സ്വാധീനമുള്ളവരുടെ പിന്തുണ ലഭിക്കുന്നുണ്ടോയെന്ന ആശങ്കയും കുടുംബം ഉന്നയിച്ചിരുന്നു. മകൾക്ക് നീതി ലഭിക്കണമെന്നും കേസ് സുതാര്യമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മാതാപിതാക്കളുടെ ആവശ്യം. ഗോപികയുടെ അമ്മയും മകൾക്ക് നീതി ലഭിക്കണമെന്ന് കണ്ണീരോടെ ആവശ്യപ്പെട്ടിരുന്നു.