സിംഗപ്പൂർ: എട്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ മാസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയും ഒടുവിൽ മരണത്തിന് ഇടയാക്കുകയും ചെയ്ത കേസിൽ യുവദമ്പതികൾ കുറ്റം സമ്മതിച്ചു. 2024 സെപ്റ്റംബർ ഒന്നിനാണ് ട്രെവർ നിയോ യു ഹിൻ എന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ക്ലോയി ഗാൻ സി സുവാൻ (23), പിതാവ് നിയോ ജിയ മിങ് (27) എന്നിവരാണ്12ന് കോടതിയിൽ കുറ്റങ്ങൾ സമ്മതിച്ചത്. ഇരുവർക്കുമുള്ള ശിക്ഷ ഒക്ടോബർ 21ന് പ്രഖ്യാപിക്കും.
കുഞ്ഞിനെ പീഡിപ്പിക്കുന്നത് തമാശയായി കണ്ടിരുന്ന പിതാവ് സ്വന്തം ഭാര്യയെയും ശാരീരികമായി ആക്രമിച്ചിരുന്നതായി കോടതി നിരീക്ഷിച്ചു. കുഞ്ഞിനോടുള്ള ക്രൂരതയെ ദമ്പതികൾ ഏതാണ്ട് തമാശയായും ചിരിക്കാനുള്ള കാര്യമായുമാണ് കണ്ടിരുന്നതെന്ന് വിചാരണയ്ക്കിടെ ഹൈക്കോടതി ജഡ്ജി ഹൂ ഷിയോ പെങ് നിരീക്ഷിച്ചു.
2024 സെപ്റ്റംബർ ഒന്നിന് രാത്രി കുഞ്ഞിന്റെ മുഖത്ത് അടിക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്ത ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തിയതിനെ തുടർന്നാണ് ട്രെവർ മരിച്ചത്. അമ്മയായ ഗാൻ ആണ് കുഞ്ഞിനെ ഇത്തരത്തിൽ പീഡിപ്പിച്ചത്. ഭാര്യ കുഞ്ഞിനെ ഉപദ്രവിക്കുന്നതായി അറിഞ്ഞിട്ടും പിതാവ് നിയോ കുട്ടിയെ സംരക്ഷിക്കാൻ ഒന്നും ചെയ്തില്ലെന്നാണ് പ്രോസിക്യൂഷൻ വ്യക്തമാക്കി.
തുടർന്ന് സെപ്റ്റംബർ രണ്ടിന് പുലർച്ചെ 12.20ഓടെ സിംഗപ്പൂരിലെ കെ.കെ. വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ആശുപത്രി ജീവനക്കാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിൽ കുഞ്ഞിന്റെ മരണത്തിന്റെ കൃത്യമായ കാരണം നിർണയിക്കാൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞ് കരച്ചിൽ നിർത്താൻ ദമ്പതികൾ പതിവായി അവനെ ശക്തമായി കുലുക്കുകയും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്തിരുന്നതായി കോടതിയിൽ സമ്മതിച്ചു. അമ്മ കുഞ്ഞിന്റെ കൈകളിലും നെഞ്ചിലും തുടകളിലും നിതംബത്തിലും നിരവധി തവണ അടിച്ചിരുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവുകളുണ്ടായി.
പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കുകയും വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കുകയും കൈകളിലും കാലുകളിലും നെഞ്ചിലും നിതംബത്തിലും അടിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ വിരലുകൾ ആവർത്തിച്ച് നുള്ളിപ്പിടിച്ച് വേദനിപ്പിച്ചതായും കണ്ടെത്തി.
കുഞ്ഞിനെ ശക്തമായി കുലുക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദമ്പതികൾ പരസ്പരം സന്ദേശങ്ങൾ കൈമാറിയിരുന്നു. ഇതുമൂലം കുഞ്ഞിന്റെ തലച്ചോറിന് തകരാറുണ്ടാകാമെന്നതടക്കമുള്ള കാര്യങ്ങൾ അവർ സന്ദേശങ്ങളിൽ പരാമർശിച്ചു. എന്നിട്ടും ഇത്തരം ക്രൂരതകളെ നിസാരമായും തമാശയായും കണ്ടുവെന്നാണ് കോടതിയിൽ പുറത്തുവന്ന വിവരങ്ങൾ.
അമ്മയ്ക്കെതിരെ കുഞ്ഞിന്റെ മരണത്തിന് കാരണമായ നിയമവിരുദ്ധ പ്രവൃത്തി, കുഞ്ഞിനെ പീഡിപ്പിക്കൽ, ഭർത്താവ് കുഞ്ഞിനെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അനുവദിക്കൽ എന്നീ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. നിയോയ്ക്കെതിരെ കുഞ്ഞിന്റെ മരണത്തിന് കാരണമായ നിയമവിരുദ്ധ പ്രവൃത്തിക്ക് ഉത്തരവാദിയാകൽ, കുഞ്ഞിനെ പീഡിപ്പിക്കൽ, ഭാര്യ കുഞ്ഞിനെ പീഡിപ്പിക്കുന്നത് അറിഞ്ഞിട്ടും അനുവദിക്കൽ, ഭാര്യയെ ആക്രമിക്കൽ എന്നീ നാല് കുറ്റങ്ങളാണ് ഉണ്ടായിരുന്നത്.
സംഭവത്തെക്കുറിച്ച് പോലീസിന്റെ കണ്ടെത്തൽ ഇങ്ങനെ- 2024 സെപ്റ്റംബർ ഒന്നിന് രാത്രി ഗാൻ കിടക്കയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു. നിയോയും ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരുന്നു. ഇതിനിടെ ട്രെവർ കരയാൻ തുടങ്ങി. ഗാൻ കുഞ്ഞിന്റെ കട്ടിലിനടുത്തെത്തി രോമാവരണമുള്ള പുതപ്പ് അവന്റെ മുഖത്തിട്ടു. കുഞ്ഞ് പിടയുകയും ശരീരം വിറയ്ക്കുകയും ചെയ്തിട്ടും ഏകദേശം ഒരു മിനിറ്റോളം പുതപ്പിന് മുകളിൽ അമർത്തിപ്പിടിച്ചു. മൂന്നോ നാലോ തവണ ഗാൻ ഇത് ആവർത്തിച്ചു.
ഇതിനിടെ നിയോയോട് ഗാൻ ചോദിച്ചത്, “എന്താ ചെയ്യേണ്ടത്? കുഞ്ഞ് മരിക്കണമെന്നാണോ നിനക്ക്?” എന്നായിരുന്നു. എന്തെങ്കിലും സംഭവിച്ചാൽ ജയിലിൽ പോകേണ്ടിവരുമെന്നും അവൾ പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ നിലച്ചതോടെ മുഖത്തുനിന്ന് പുതപ്പ് മാറ്റാതെ ഗാൻ വീണ്ടും കിടക്കയിലേക്ക് മടങ്ങി. അപ്പോഴും നിയോ മൊബൈൽ ഫോണിൽ ഗെയിം കളിക്കുകയായിരുന്നു.
പിന്നീട് കുഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ ഗാൻ രണ്ട് കൈകളും ഒന്നിനുമുകളിൽ ഒന്നായി വെച്ച് അവന്റെ വായും മൂക്കും പൊത്തിപ്പിടിച്ചു. തുടർന്ന് കുഞ്ഞിന്റെ മുഖത്ത് അമർത്തിവെച്ചിരുന്ന വലതുകൈയിൽ ഇടതുകൈകൊണ്ട് ശക്തമായി ഇടിക്കുകയും ചെയ്തു. ശേഷം കുഞ്ഞിനെ മുഖം താഴേക്ക് വരുന്ന വിധത്തിൽ കമിഴ്ത്തിക്കിടത്തി. പിന്നാലെ ഗാൻ ഉറങ്ങാൻ കിടന്നു. രാത്രി ഏകദേശം 11.30ന് ഗെയിം കളി അവസാനിപ്പിച്ച നിയോ കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും കൈകൾ തണുത്തിരിക്കുകയാണെന്നും ശ്രദ്ധിച്ചു. തുടർന്ന് ഗാനെ വിളിച്ചുണർത്തി കുഞ്ഞിനെ പരിശോധിക്കാൻ ആവശ്യപ്പെട്ടു.
ദമ്പതികൾ കുഞ്ഞിന് ഹൃദയശ്വാസകോശ പുനരുജ്ജീവന ചികിത്സയായ സിപിആർ നൽകിയെങ്കിലും കുഞ്ഞിന് നാഡിമിടിപ്പ് ഉണ്ടായിരുന്നില്ല. ആംബുലൻസ് വിളിച്ചാൽ അധിക ചെലവുണ്ടാകുമെന്ന് പറഞ്ഞ നിയോ, കുഞ്ഞ് മരിച്ചുവെന്ന് തനിക്ക് വ്യക്തമായതിനാൽ ടാക്സി വിളിച്ച് ആശുപത്രിയിലേക്ക് പോകാൻ ഗാനോട് ആവശ്യപ്പെട്ടു.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ മിണ്ടാതിരിക്കാനും സംഭവത്തെക്കുറിച്ച് ഒന്നും പറയാതിരിക്കാനും നിയോ ഭാര്യയോട് നിർദേശിച്ചു. പോലീസിന്റെ ഇടപെടലുണ്ടാകാതെ രക്ഷപ്പെട്ടാൽ പണത്തെക്കുറിച്ച് ആശങ്കപ്പെടാതെ പഴയതുപോലെ ജീവിതം തുടരാമെന്നും ഇയാൾ പറഞ്ഞതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ, മാസങ്ങളോളം നീണ്ട ശാരീരിക പീഡനം, അതേക്കുറിച്ച് ദമ്പതികൾ തമ്മിൽ കൈമാറിയ സന്ദേശങ്ങൾ എന്നിവ കേസിലെ പ്രധാന തെളിവുകളാണ്. ഇരുവരും കുറ്റം സമ്മതിച്ച സാഹചര്യത്തിൽ ഒക്ടോബർ 21ന് കോടതി ശിക്ഷ പ്രഖ്യാപിക്കും.