തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ട്രെയിനിലും യുവാവിന്റെ വീട്ടിലും വെച്ച് മർദിച്ചതായി പരാതി. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശി ബോബിക്കെതിരെ വർക്കല പൊലീസ് കേസെടുത്തു.
ഒൻപതാം തീയതി രാത്രി വർക്കല റെയിൽവേ സ്റ്റേഷനിലാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയ യുവാവ് ഫോൺ കൊണ്ടുപോയെന്നാണ് പരാതി. പ്ലാറ്റ്‌ഫോമിൽ വെച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ യുവതിയെ മർദിച്ചതായും പരാതിയിൽ പറയുന്നു.
പിന്നീട് ഫോൺ തിരികെ വാങ്ങുന്നതിനായി യുവാവിന്റെ വീട്ടിലെത്തിയപ്പോഴും ബോബി യുവതിയെ മർദിച്ചെന്നാണ് ആരോപണം. മൊബൈൽ ഫോൺ തകർത്തതായും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ കേസെടുത്ത വർക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.






