കൊച്ചി: എസ്.ഐ.ആർ നടപടികൾക്കെതിരെ ഡൽഹിയിൽ സമരത്തിനിറങ്ങിയ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ഒരുമിച്ച് കേരള സർക്കാരിനെ പിരിച്ചുവിടാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് ട്വന്റി20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ്. എസ്.ഐ.ആർ നടപടികൾ വ്യാജമാണെന്ന നിലപാടാണ് ഇരുവർക്കുമെങ്കിൽ അധികാരസ്ഥാനങ്ങളിൽ തുടരാൻ അവർക്ക് ധാർമികമായി അർഹതയില്ലെന്നും വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ എസ്.ഐ.ആർ മികച്ചതും മറ്റു സംസ്ഥാനങ്ങളിലേത് മോശവുമാണെന്ന നിലപാട് തികഞ്ഞ കാപട്യമാണെന്ന് സാബു എം. ജേക്കബ് ആരോപിച്ചു. മരിച്ചവരുടെയും ഇരട്ടവോട്ടുകളുടെയും പേരിൽ കേരളത്തിൽനിന്ന് മാത്രം 24 ലക്ഷം വ്യാജവോട്ടുകൾ എസ്.ഐ.ആർ വഴി നീക്കം ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതിനെതിരെ പരാതിയൊന്നും ഉന്നയിക്കാത്തവരാണ് മറ്റു സംസ്ഥാനങ്ങളിലെ നടപടികളെ ‘വോട്ട് ചോരി’ എന്ന് വിശേഷിപ്പിച്ച് ഡൽഹിയിൽ സമരം നടത്തുന്നതെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണിതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന രത്തൻ യു. ഖേൽക്കറെയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ സെക്രട്ടറിയായി നിയമിച്ചതെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഇത്തരമൊരു പശ്ചാത്തലമുള്ള മുഖ്യമന്ത്രിക്ക് എന്ത് ധാർമികതയുടെ പേരിലാണ് ഡൽഹിയിൽ പോയി സമരം നടത്താൻ കഴിയുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളെ കബളിപ്പിക്കുന്ന കാര്യത്തിൽ വി.ഡി. സതീശനും പിണറായി വിജയനും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ധൈര്യമുണ്ടെങ്കിൽ ഇരുവരും കേരളത്തിലും എസ്.ഐ.ആറിനെതിരെ ഒരുമിച്ച് സമരത്തിനിറങ്ങണം. ഡൽഹിയിലെ സമരത്തിന് മുൻപ് പിണറായി വിജയൻ പോലീസ് കസ്റ്റഡിയിലായപ്പോൾ സിപിഎം പ്രവർത്തകരേക്കാൾ വേദനിച്ചത് വി.ഡി. സതീശനാണെന്നും അദ്ദേഹത്തെ പുറത്തിറക്കാൻ ആദ്യം ഇടപെട്ടത് സതീശനാണെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളിയും ഇരട്ടത്താപ്പും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































