കൊച്ചി; കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പോലീസിന്റെ പിടിയിലായി. പണം ഇരട്ടിയാക്കി തിരികെ തരാമെന്ന് വാഗ്ദാനെ ചെയ്ത് തിരുവനന്തപുരം സ്വദേശിയിൽനിന്നും 35 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ നാലിരട്ടിയായി തുക തിരിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തതാണ് രണ്ട് വർഷം മുൻപ് പണം വാങ്ങിയത്. കമ്പനി ഇപ്പോൾ നഷ്ടത്തിലാണെന്നും പണം നിക്ഷേപിച്ചാൽ കമ്പനിയുടെ ബോർഡിൽ അംഗമാക്കാം എന്നുമായിരുന്നു വാഗ്ദാനം.
എന്നാൽ തന്നെ കുരുക്കിയത് കിളിരൂർ, കവിയൂർ പീഡനക്കേസിലെ പ്രതി ലത നായർ ആണെന്ന് യുവാവിനു മനസിലായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കമ്പനിയുടെ ഡയറക്ടറാണെന്നാണ് ലത സ്വയം പരിചയപ്പെടുത്തിയത്. എന്നാൽ ഇന്ദ്രാമേനോൻ എന്ന പേരിലായിരുന്നു പരിചയം സ്ഥാപിച്ചത്.
അതേസമയം ലതയ്ക്കൊപ്പം കൂട്ടാളികളായ മൂന്നു പേരും പിടിയിലായിട്ടുണ്ട്. അനിൽകുമാർ, സുനിൽകുമാർ, സിന്ധു തുടങ്ങിയവരാണ് പിടിയിലായത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്. നിരവധി പേരെ സമാനമായ രീതിയിൽ ലത കബളിപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.










































