ന്യൂഡൽഹി: ഡൽഹിയിൽ പ്രതിഷേധത്തിനിടെ തനിക്കുനേരെ അതിക്രൂരമായ പോലീസ് അതിക്രമം ഉണ്ടായതായി ജോൺ ബ്രിട്ടാസ് എംപി. പൊലീസ് ബലമായി വാഹനത്തിലേക്ക് തള്ളിയിട്ട് സീറ്റിൽ അമർത്തിവച്ചതായി ബ്രിട്ടാസ് പറഞ്ഞു. പൊലീസ് വിട്ടയച്ചശേഷം ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ബ്രിട്ടാസ് ഏറെനേരം നടപ്പാതയിൽ ഇരുന്നു. പിന്നീടാണു എംപി പ്രതികരിച്ചത്. ഇടതുപക്ഷ പ്രവർത്തകരെ കൊണാട്ട് പ്ലേസിൽ അറസ്റ്റു ചെയ്തത് അറിഞ്ഞാണ് ബ്രിട്ടാസ് സ്ഥലത്തെത്തിയത്.
അതേസമയം വാഹനത്തിൽ കയറ്റിയ തന്നെ 5 സിആർപിഎഫുകാർ തന്നെയും മറ്റൊരാളെയും സീറ്റിൽവച്ച് അമർത്തി. പോലീസുകാരുടെ ബോഡി ക്യാമറയിലൂടെ കൺട്രോൾ റൂമിൽനിന്ന് ഡിസിപി സച്ചിൻ ഇതു കണ്ടു. അദ്ദേഹം എംപിയാണ് ഉടൻ വിടണമെന്നു സച്ചിൻ നിർദേശിച്ചപ്പോഴാണ് വിട്ടത്.
പിന്നീട് ബസിനു പുറത്തു തള്ളി. സാജിദ് എന്ന യുവാവ് വന്ന് ഓട്ടോയിൽ കയറ്റിയതു കൊണ്ടാണ് രക്ഷപ്പെട്ടത്. എംപിയാണെന്ന് പോലീസുകാരോട് പറഞ്ഞെങ്കിലും അവർ കേട്ടില്ല. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും വിട്ടില്ല. ഡിസിപി പിന്നീട് ഫോണിൽ വിളിച്ച് ക്ഷമ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു. അതേസമയം കേരളത്തിൽനിന്നുള്ള എംപിയെ കൊല്ലാനാണ് പോലീസ് ശ്രമിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന ജാർഖണ്ഡുകാരനായ സാജിദ് പറഞ്ഞു.










































