ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനത്തിലെ മുകളിലെ ലഗേജ് അറയിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. ഞായറാഴ്ചയാണ് സംഭവം. യാത്രക്കാരന്റെ പവർ ബാങ്കിലുണ്ടായിരുന്ന പവർബാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. വിമാനം ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം വിമാനത്തിനുള്ളിൽ തീപടർന്നതിന്റെ ദൃശ്യങ്ങൾ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയതോടെ സംഭവം പുറത്തറിയുകയായിരുന്നു. ലഗേജ് സൂക്ഷിക്കുന്ന മുകളിലെ അറയിൽനിന്ന് പുകയും തീയും ഉയരുന്നതും തീ അണയ്ക്കാൻ മറ്റു യാത്രക്കാർ ബാഗുകൾ ഉപയോഗിച്ച് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പിന്നീട് ക്യാബിൻ ക്രൂ അംഗങ്ങൾ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു.
ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോയുടെ 6E6115 വിമാനത്തിലാണ് സംഭവം. എയർബസ് A321-251N വിഭാഗത്തിൽപ്പെട്ട വിമാനത്തിന് ഉച്ചയ്ക്ക് 1.10നായിരുന്നു ഡൽഹിയിൽനിന്നുള്ള നിശ്ചയിച്ചിരുന്ന പുറപ്പെടൽ സമയം. എന്നാൽ വിമാനം ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്. വൈകിട്ട് നാലിന് ചെന്നൈയിൽ എത്തേണ്ടിയിരുന്ന വിമാനം തീപിടിത്തത്തെത്തുടർന്ന് ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു.
2026 ഒക്ടോബർ 11ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തിയ വിമാനത്തിലെ ഒരു യാത്രക്കാരന്റെ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. ക്യാബിൻ ക്രൂ അംഗങ്ങൾ ഉടൻ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് പൈലറ്റുമാർ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിടുകയും സുരക്ഷിതമായി ഇറക്കുകയും ചെയ്തതായി കമ്പനി വ്യക്തമാക്കി.
യാത്രക്കാരുടെ ചെന്നൈയിലേക്കുള്ള തുടർയാത്രയ്ക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും ഇൻഡിഗോ അറിയിച്ചു. അപ്രതീക്ഷിത സംഭവത്തെത്തുടർന്ന് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ കമ്പനി ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനായി ലഘുഭക്ഷണവും പാനീയങ്ങളും നൽകുകയും സംഭവവികാസങ്ങളെക്കുറിച്ച് കൃത്യസമയത്ത് വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ടെന്നും കമ്പനി കൂട്ടിച്ചേർത്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും ഉയർന്ന പരിഗണന നൽകുന്നതെന്നും ഇൻഡിഗോ പ്രസ്താവനയിൽ വ്യക്തമാക്കി.










































