കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി സുഹൈൽ സജീവിന് മദ്യം നൽകിയ ബാറുകൾക്കെതിരേ കേസെടുക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം. 19-കാരനായ പ്രതിക്ക് നിയമവിരുദ്ധമായി മദ്യം നൽകിയതിന്റെ പേരിലാണ് നടപടി. നിയമപ്രകാരം 23 വയസാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. സുഹൈലിന് മദ്യം നൽകിയ ബാറുകൾ കണ്ടെത്തി നടപടി സ്വീകരിക്കാനാണ് എക്സൈസ് മന്ത്രി ലിജു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ അപകടത്തിന് മുൻപ് സുഹൈൽ മൂന്ന് ബാറുകളിൽനിന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാത്രി മുതൽ മൂന്ന് ബാറുകളിൽനിന്നാണ് പ്രതി മദ്യപിച്ചിരുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ താൻ ഒരു ബിയർ മാത്രമേ കഴിച്ചിട്ടുള്ളൂ എന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാൽ, പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതോടെയാണ് മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ തെളിവുകൾ പോലീസിനു ലഭിച്ചത്. എല്ലാ ബാറുകളിൽനിന്നും മദ്യപിക്കുന്നതിന്റെ വീഡിയോ പ്രതി മൊബൈൽഫോണിൽ ചിത്രീകരിച്ചിരുന്നു. ഇതാണ് തെളിവായി മാറിയത്.
അതേസമയം സുഹൈൽ സജീവ് അമിതവേഗത്തിൽ ഓടിച്ച മിനി കൂപ്പർ കാർ സ്കൂട്ടറിൽ ഇടിച്ചാണ് സ്കൂട്ടർ യാത്രക്കാരായ മൂന്നുപേർ മരിച്ചത്. കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്യുന്ന വിദ്യാർഥികളായ ഗോപിക, ദേവിക, ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം.










































