തെലങ്കാന: താമസസമുച്ചയത്തിൽനിന്ന് കാണാതായ അഞ്ചുവയസുകാരിയെ ക്ലബ്ഹൗസിന്റെ ബേസ്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ താമസസമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനായ വിക്രമിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കുട്ടിയെ വിട്ടുനൽകാൻ 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
കാർഷിക ശാസ്ത്രജ്ഞന്റെ മകളായ കുട്ടി തെലങ്കാനയിലെ കോവ്കൂരിലുള്ള (Kowkoor) വില്ലാ താമസസമുച്ചയത്തിൽ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ശനിയാഴ്ച കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഒൻപത് മണിയോടെ താമസസമുച്ചയത്തിലെ ക്ലബ്ഹൗസിന്റെ ബേസ്മെന്റിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിന് മുമ്പ് സുരക്ഷാ ജീവനക്കാരനായ വിക്രം കുട്ടിക്കൊപ്പം ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ കുട്ടിയുടെ പിന്നാലെ പോകുന്നതായും ദൃശ്യങ്ങളിലുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. സംഭവത്തിന് മുൻപുള്ള രണ്ടു ദിവസങ്ങളിൽ ഇയാൾ താമസസമുച്ചയത്തിൽ സംശയാസ്പദമായ രീതിയിൽ സഞ്ചരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടിയെ കാണാതായതുമുതൽ മൃതദേഹം കണ്ടെത്തുന്നതുവരെയുള്ള സംഭവങ്ങളുടെ ക്രമം വ്യക്തമാക്കുന്നതിനായി സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വിക്രം ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി മൽകാജ്ഗിരി പോലീസ് പത്തോളം പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തിനുശേഷം പ്രതി സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിലേക്ക് പോയിരിക്കാമെന്നാണ് മൊബൈൽ ഫോൺ ലൊക്കേഷൻ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഇയാളുടെ സഞ്ചാരപാതയും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചുവരികയാണ്.
അതുപോലെ കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന് പിന്നിലെ ഉദ്ദേശ്യവും കണ്ടെത്തുന്നതിനായി ഫൊറൻസിക് തെളിവുകളും ശേഖരിക്കുന്നുണ്ട്. ബൊല്ലാരം പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ വിവരങ്ങൾ, മറ്റ് ശാസ്ത്രീയ തെളിവുകൾ എന്നിവ പരിശോധിച്ചാണ് സംഭവത്തിന്റെ യഥാർഥ ചിത്രം വ്യക്തമാക്കാൻ പോലീസ് ശ്രമിക്കുന്നത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന സംശയവും മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന ആരോപണവും അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.










































