തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നതായി ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ട്. വെന്റിലേറ്ററുകൾ, ഡിജിറ്റൽ എക്സ്‌റേ മെഷീനുകൾ, മാമോഗ്രാം, ഡയാലിസിസ് ഉപകരണങ്ങൾ എന്നിവയുൾപ്പെടെ കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങളാണ് പെട്ടിപോലും തുറക്കാതെ അനാഥമായി കിടക്കുന്നത്. റിപ്പോർട്ട് ആരോഗ്യ സെക്രട്ടറി ആരോഗ്യമന്ത്രിക്ക് കൈമാറി.
മുൻപ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ.) വാങ്ങിക്കൂട്ടിയ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ ഉപയോഗശൂന്യമായ സംഭവം പുറത്തുവന്നിരുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കിടക്കുന്നതായുള്ള റിപ്പോർട്ട് പുറത്തുവന്നത്.
കഴിഞ്ഞ പത്തുവർഷത്തിനിടെ വിവിധ ആശുപത്രികളിലായി വാങ്ങിയ 450 കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടിലുള്ളത്. ഓരോ ഉപകരണത്തിനും മൂന്നുലക്ഷം രൂപയിലധികം വിലയുണ്ടെന്നാണ് വിവരം.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി. ഉപകരണങ്ങൾ വാങ്ങി സൂക്ഷിച്ചുവച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ആരോഗ്യവകുപ്പിനെ വെള്ളാനയാക്കി മാറ്റുന്ന ചിലർ വകുപ്പിലുണ്ടെന്നും അവരെ ഓരോരുത്തരെയായി കണ്ടെത്തി നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.), മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.എം.ഇ.) എന്നിവ വാങ്ങിയ ഉപകരണങ്ങളുടെ കണക്കുകൾ കൂടി പരിശോധിക്കാൻ മന്ത്രി നിർദേശിച്ചിട്ടുണ്ട്. മൂന്നുലക്ഷം രൂപയിൽ താഴെ വിലയുള്ള ഉപകരണങ്ങളുടെ വിവരങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തും.










































