ഇറി (പെൻസിൽവാനിയ): യു എസിലെ പെൻസിൽവാനിയ സംസ്ഥാനത്തുള്ള ഇറി നഗരത്തിൽ ഉണ്ടായ കൂട്ടവെടിവെപ്പിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഒരു വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു ഗർഭിണിയും ഉൾപ്പെടുന്നു. കൊലയാളിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പൊലീസ് അറിയിച്ചു.
ആക്രമണസമയത്ത് വീടിന് പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്ക് വെടിയേറ്റിരുന്നു. ഇവരാണ് പിന്നീട് പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞ് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തിയതോടെ അക്രമി വീടിനുള്ളിലേക്ക് കടന്നു. തുടർന്ന് പോലീസ് വീടിനുള്ളിൽ പ്രവേശിച്ചപ്പോഴേക്കും അക്രമിയടക്കം ഒൻപത് പേരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
തന്റെ 28 വർഷത്തെ ഔദ്യോഗിക സേവനത്തിനിടെ ഇത്രയും വലിയ ദുരന്തം കണ്ടിട്ടില്ലെന്ന് ഇറി പോലീസ് ചീഫ് റിക്ക് ലോറ പ്രതികരിച്ചു. നഗരത്തിന്റെ ചരിത്രത്തിൽ ഇത്രയധികം പേർ കൊല്ലപ്പെടുന്ന സംഭവം ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ അറിയിച്ചു. അതേസമയം, പൊതുജനങ്ങൾക്ക് നിലവിൽ സുരക്ഷാഭീഷണിയില്ലെന്ന് ഇറി നഗരസഭ വ്യക്തമാക്കി.





