പത്തനംതിട്ട: പരിസ്ഥിതിലോല മേഖലാ കരടുവിജ്ഞാപനത്തിനെതിരായ പ്രതിഷേധം ശക്തമാക്കാൻ സിപിഎം. വിജ്ഞാപനത്തിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24ന് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താലെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബർ മൂന്നാം വാരം ഏഴ് വില്ലേജുകളിലും വാഹനപ്രചാരണ ജാഥ നടത്തും.
കരടുവിജ്ഞാപനം അന്തിമമായാൽ കൃഷി, വീട് നിർമാണം തുടങ്ങിയ ആവശ്യങ്ങൾക്കുപോലും വനംവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പരിസ്ഥിതി അതോറിറ്റിയുടെ അനുമതി തേടേണ്ടിവരുമെന്നാണ് സിപിഎമ്മിന്റെ ആശങ്ക. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ ഈ മേഖലകളെല്ലാം വന്യമൃഗങ്ങളുടെ സഞ്ചാര ഇടനാഴികളാക്കി മാറ്റണമെന്നാണ് നിർദേശിക്കുന്നതെന്നും രാജു ഏബ്രഹാം പറഞ്ഞു.
നിലവിൽ തന്നെ ഈ മേഖലകൾ വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ചുള്ള ഉത്തരവ് ഇടുക്കി ജില്ലാ കലക്ടർ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അവിടെ ഈ മാസം 16ന് ഹർത്താൽ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ ഏഴാം തവണ പുറത്തിറക്കിയ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട പുനർവിജ്ഞാപനത്തിൽ പരാതികൾ അറിയിക്കാൻ സെപ്റ്റംബർ 25 വരെ സമയമുണ്ടായിരുന്നു. എന്നാൽ പത്തനംതിട്ട ജില്ലയിലെ ഒരു വില്ലേജിനെപ്പോലും ഒഴിവാക്കാതെ സംസ്ഥാന സർക്കാർ നിലപാടെടുത്തത് ജില്ലയോടുള്ള കൊടുംചതിയാണെന്ന് രാജു ഏബ്രഹാം ആരോപിച്ചു.
കരടുവിജ്ഞാപനം അന്തിമമായാൽ പ്രദേശത്തെ ജനങ്ങളുടെ ജീവിതവും ഭൂമിയുടെ കൈമാറ്റവും പ്രതിസന്ധിയിലാകുമെന്നാണ് സിപിഎമ്മിന്റെ വാദം. ഇപ്പോൾത്തന്നെ മേഖലയിൽ ഭൂമി വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പട്ടയം ലഭിക്കുന്നതും തടസ്സപ്പെടുമെന്നും ഇതോടെ സ്വന്തം മണ്ണിൽനിന്ന് വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടിവരുമെന്നും രാജു ഏബ്രഹാം പറഞ്ഞു.
മേഖലയിലെ മതമേലധ്യക്ഷന്മാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സാമുദായിക സംഘടനകളും ശക്തമായ ആവശ്യം ഉന്നയിച്ചിട്ടും സംസ്ഥാന സർക്കാർ കണ്ണിൽച്ചോരയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.




