ന്യൂഡൽഹി: മുഖ്യ തെരഞ്ഞടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രാജ്യത്ത് ശക്തമാകുന്നതിനിടെ കോൺഗ്രസിന് പരോക്ഷ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരെത്ര ബഹളം വച്ചാലും ഒച്ചയിട്ടാലും തന്റെ പ്രവർത്തനം തുടരുമെന്നായിരുന്നു മോദിയുടെ പരാമർശം. ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്നേഹിക്കില്ലെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് ലക്ഷം കോടി രൂപ തെറ്റായ കൈകളിൽ പോകുന്നതിൽ നിന്ന് തടഞ്ഞു എന്നും മോദി അവകാശപ്പെട്ടു. പത്താമത് മൊബൈൽ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പ്രധനമാന്ത്രി പ്രതിപക്ഷത്തിന് പരോക്ഷ മറുപടി നൽകിയത്.
അതേസമയം കൃത്യമായി ഒന്നു പറയുന്നില്ലെങ്കിലും ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനുള്ള മറുപടിയായിരുന്നു അതെന്നാണ് വിലയിരുത്തൽ. ഖജനാവ് കൊള്ളയടിച്ചവർ തന്നെ സ്നേഹിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് സദസിനോടും മോദി ചോദിക്കുന്നുണ്ട്. പിന്നാലെ കയ്യടിയും സദസിൽ നിന്ന് ഉയർന്നിരുന്നു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നുദിവസങ്ങളിലായി ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ജന്തർ മന്തറിൽ നടക്കുന്നത്. മൂന്ന് ബസുകളിലായി ജന്തർ മന്തറിലേക്ക് പോയ പ്രതിപക്ഷ എംപിമാരെ അശോക നഗറിൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
വാഹനത്തിൽ നിന്നും പുറത്തിറങ്ങി മുന്നോട്ട് നടന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും പോലീസ് ബലം പ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റിയതോടെ സംഘർഷാവസ്ഥയിലായി. റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്ന പ്രിയങ്കയെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ പ്രിയങ്ക കയ്യിൽ കരുതിയിരുന്ന ഭരണഘടന ഉയർത്തി വീണ്ടും പ്രതിഷേധിച്ചു. 91 പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് വ്യക്തമാക്കുകയും ചെയ്തു.




