കണ്ണൂർ: അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ പയ്യന്നൂരിൽ ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യ മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെക്കൂടി പ്രതി ചേർത്തു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ആർ.എം.ഒ ഡോ. ഫ്രഡി ജോസഫ്, ഡോ. ആശ, ഡോ. ആരതി എന്നിവരെയാണ് കേസിൽ പ്രതി ചേർത്തത്. മനഃപൂർവമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് നടപടി.
ചികിത്സാ പിഴവ് സംഭവിച്ചെന്ന സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടിക്ക് അനസ്‌തീഷ്യ നൽകിയ ഡോ. അഞ്ജലിയെ നേരത്തെ തന്നെ കേസിൽ പ്രതി ചേർത്തിരുന്നു.
ജൂലൈ 10നാണ് അനസ്‌തീഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ദേവാൻഷ് ശൗര്യ മരിച്ചത്. സംഭവത്തിൽ അന്വേഷണം മന്ദഗതിയിലാണെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരനെ നേരിൽ കണ്ട് കുടുംബം പരാതിയും നൽകിയിരുന്നു.
സംസ്ഥാനതല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് കൂടുതൽ ഡോക്ടർമാരെ പ്രതി ചേർക്കുന്നതിന് തടസ്സമെന്നായിരുന്നു പയ്യന്നൂർ പൊലീസിന്റെ നേരത്തെയുള്ള വിശദീകരണം. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് മൂന്ന് ഡോക്ടർമാരെക്കൂടി കേസിൽ പ്രതി ചേർത്തത്.






