ദഹോദ്: ഗുജറാത്തിലെ ദഹോദ് ജില്ലയിൽ ഇൻസ്റ്റഗ്രാം ലൈവിനിടെ 22കാരനും 16 കാരിയായ പെൺകുട്ടിയും ജീവനൊടുക്കിയതായി റിപ്പോർട്ട്. സ്വന്തം വീട്ടുകാരും നാട്ടുകാരുമടക്കം 57 പേരെ സാക്ഷിയാക്കിയാണ് ഇരുവരും ജീവനൊടുക്കിയത്. വനപ്രദേശത്ത് ഇരുവരും നടത്തിയ ലൈവ് സ്ട്രീം കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെയുള്ളവർ കണ്ടതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ നാലിനായിരുന്നു സംഭവം നടന്നത്. കുടുംബങ്ങൾ ബന്ധത്തെ എതിർത്തതിനെ തുടർന്നാണ് ദുരന്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
മരിച്ച 22 കാരൻ ലിംഖേഡ താലൂക്ക് സ്വദേശി രാജേഷ് നിനാമയെന്ന് തിരിച്ചറിഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഇതേ പ്രദേശത്തുകാരിയാണ്. ഇരുവരും സിംഗ്വാഡ് താലൂക്കിലെ വനപ്രദേശത്തേക്ക് പോയ ശേഷമാണ് ഇൻസ്റ്റഗ്രാം ലൈവ് ആരംഭിച്ചത്. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾപ്പെടെ 57 പേർ ലൈവ് കണ്ടിരുന്നു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ ചിലർ ഉടൻ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചു.
എന്നാൽ വനപ്രദേശത്തെ മോശം മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും കൃത്യമായ സ്ഥലം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് തടസമായി. പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുവാവ് പെൺകുട്ടിയെ തന്റെ മാതാപിതാക്കളെ കാണാൻ കൊണ്ടുപോയിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി മാതാപിതാക്കളെ അറിയിച്ച് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും ഒരേ ഗോത്രത്തിൽപ്പെട്ടവരും ഒരേ കുടുംബപ്പേര് പങ്കിടുന്നവരുമായതിനാൽ യുവാവിന്റെ മാതാപിതാക്കൾ ബന്ധത്തെ എതിർത്തതായാണ് വിവരം.
അതേസമയം കുടുംബങ്ങളുടെ എതിർപ്പാണ് മരണത്തിന് പിന്നിലെ ഏക കാരണമെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമികമായി ഇത് പെട്ടെന്ന് എടുത്ത തീരുമാനമായാണ് തോന്നുന്നതെന്നും സാഹചര്യങ്ങൾ കുടുംബങ്ങളുടെ എതിർപ്പിലേക്ക് വിരൽചൂണ്ടുന്നുണ്ടെന്നും ലിംഖേഡ ഡിവിഷൻ അസിസ്റ്റന്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കരൺ പന്ന പറഞ്ഞു.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സുഹൃത്തുക്കളിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ഇരുവരുടെയും അവസാന നിമിഷങ്ങൾ തത്സമയം പകർത്തുകയും ബന്ധുക്കളും സുഹൃത്തുക്കളും നേരിട്ട് കാണുകയും ചെയ്തതിനാൽ ഇൻസ്റ്റഗ്രാം ലൈവ് അന്വേഷണത്തിലെ പ്രധാന തെളിവായി മാറുമെന്നാണ് പോലീസ് കരുതുന്നത്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചശേഷം അന്ത്യകർമങ്ങൾക്കായി കുടുംബങ്ങൾക്ക് കൈമാറി.





