തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം നിലനിർത്താനായി ബിജെപി കൗൺസിലർ ആർ. സുഗതന്റെ വ്യാജ ഒപ്പ് ഹാജർബുക്കിൽ രേഖപ്പെടുത്തി എന്ന പരാതിയിൽ മേയർ വിവി രാജേഷ് ഉൾപ്പെടെ മൂന്നു പേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. മേയർക്ക് പുറമേ ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്.
കാപ്പാക്കേസിൽപ്പെട്ട വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഒളിവിലായിരുന്നപ്പോൾ നടന്ന കൗൺസിൽ യോഗങ്ങളിൽ ഇയാൾ പങ്കെടുത്തതായി വരുത്തിത്തീർക്കാൻ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് നൽകിയ പരാതിയിലാണ് പോലീസിന്റെ നടപടി.
കാപ്പാ കേസിൽ ജൂൺ ഒമ്പതിനാണ് സുഗതനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അറസ്റ്റ് ഭീഷണി നിലനിന്നതിനാൽ ഇതിനുമുൻപുള്ള കൗൺസിൽ യോഗങ്ങളിൽ സുഗതൻ പങ്കെടുത്തില്ലെന്നാണ് എൽഡിഎഫിന്റെ ആക്ഷേപം. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിൽ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നും എൽഡിഎഫ് ആരോപിക്കുന്നു.
പരാതിയിൽ അന്വേഷണം ആരംഭിച്ച മ്യൂസിയം പോലീസ് കഴിഞ്ഞദിവസം കോർപ്പറേഷൻ ആസ്ഥാനത്ത് എത്തിയിരുന്നു. മേയറുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ഹാജർബുക്ക് ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കുകയും ചെയ്തു. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുത്തത്. കരുതൽ തടവ് റദ്ദാക്കിയതിനെത്തുടർന്ന് ചൊവ്വാഴ്ചയാണ് സുഗതൻ ജയിലിൽനിന്നു പുറത്തിറങ്ങിയത്.





