കോഴിക്കോട് ∙മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് മാനിപുരം സ്വദേശിയായ കടുക്കാങ്ങൽ മുഹമ്മദ് നിഷാൻ (25) ആണ് ബുധനാഴ്ച വൈകിട്ട് പിടിയിലായത്. 1.52 ഗ്രാം എംഡിഎംഎ, വില്പനയ്ക്കായുള്ള ഇലക്ട്രിക് ത്രാസ്, 28,630 രൂപ എന്നിവ പ്രതിയിൽ നിന്നും കണ്ടെടുത്തു. കുന്ദമംഗലം എൻഐടിയ്ക്ക് സമീപം കമ്പനിമുക്കിൽ ഓകലീഫ് റെസിഡൻസി റൂം 18-ൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സമാനമായ കേസിൽ കാപ്പ ചുമത്തപ്പെട്ട വ്യക്തിയാണ് വീണ്ടും ഇതേ കേസിൽ പിടിക്കപ്പെട്ടിരിക്കുന്നതെന്നതും ശ്രദ്ധേയം. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും കൂടുതൽ ലഹരിക്കടത്ത് കണ്ണികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
കുന്ദമംഗലം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്. കുന്ദമംഗലം സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് കെ.പിയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ മാത്യു കെ.റ്റി, കോഴിക്കോട് മെഡിക്കൽ കോളേജ് സബ് ഡിവിഷൻ സ്വകാഡ് അംഗം സീനിയർ സിവിൽ പോലീസ് ഓഫീസർ മനോജ് വി.ഡി, വനിതാ സിവിൽ പോലീസ് ഓഫീസർ ജുസൈറ സി. എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ലഹരിമരുന്ന് കടത്തിനെതിരെയുള്ള അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നും ലഹരി ശൃംഖലയിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് സിറ്റി പരിധിയിൽ ശക്തമായ പരിശോധനയാണ് പൊലീസ് നടത്തിവരുന്നത്. കോഴിക്കോട് കുന്ദമംഗലം എൻഐടിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന കായികമേളയുടെ ഭാഗമായി വ്യാപക നീരീക്ഷണവും കർശന നടപടികളുമാണ് പോലീസ് സ്വീകരിച്ചുവരുന്നതെന്ന് മെഡിക്കൽ കോളേജ് അസി. കമ്മീഷണർ പ്രമോദ് പി. അറിയിച്ചു.




