തൃശ്ശൂർ: വാടാനപ്പള്ളിയിൽ ഗുണ്ടാനേതാവായ യുവാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾ പിടിയിൽ. വാടാനപ്പള്ളി സ്വദേശികളായ ഫായിസ്, ഷെഹിൻ, ബിലാൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കേസിൽ ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്. ബിൻഷാദ്, റയീസ് എന്നിവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
വാടാനപ്പള്ളി സ്വദേശി സലാമിനെയാണ് കഴിഞ്ഞദിവസം ഫസൽ നഗർ കടപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റുമോർട്ടത്തിലും മരണം കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.
സലാമിനെ അതിക്രൂരമായാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. ശരീരമാസകലം മുറിവുകളുണ്ട്. മർദനമേറ്റ് വാരിയെല്ല് തകർന്ന നിലയിലായിരുന്നു. ജനനേന്ദ്രിയത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയായിരുന്നു കൊല്ലപ്പെട്ട സലാം.
ചൊവ്വാഴ്ച രാത്രിയാണ് സലാമും പ്രതികളും തമ്മിൽ തർക്കമുണ്ടായതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബിൻഷാദ് ഉൾപ്പെടെയുള്ള പ്രതികളും ഗുണ്ടാസംഘത്തിൽപ്പെട്ടവരാണെന്നാണ് വിവരം. തർക്കത്തിന് പിന്നാലെ ഇടിക്കട്ട ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ച് സലാമിനെ ആക്രമിക്കുകയായിരുന്നു.
പിടിയിലായ പ്രതികളെ ചോദ്യംചെയ്തുവരികയാണ്. ഒളിവിലുള്ള ബിൻഷാദിനും റയീസിനുമായി പൊലീസ് അന്വേഷണം ശക്തമാക്കി.




