കണ്ണൂർ: പാലക്കാട് മുൻ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. സ്ത്രീകളെയോ പെൺകുട്ടികളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നിർദാക്ഷിണ്യം നടപടി സ്വീകരിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്ന് പി.കെ. ശ്രീമതി വ്യക്തമാക്കി. ഇക്കാര്യം ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലേ വിപരീതബുദ്ധി’ എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂവെന്നും ശ്രീമതി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
സുരേഷ് ബാബുവിനെതിരായ പരാതി പാർട്ടിക്കുള്ളിൽ ഒതുക്കുന്നുവെന്ന ആരോപണങ്ങൾക്കിടെ സി.പി.എം വനിതാ നേതാവ് സുജ സൂസൻ ജോർജും കഴിഞ്ഞ ദിവസം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനൽ കുറ്റമാണെന്നും അതിന് നീതിന്യായസംഹിത നിർദേശിക്കുന്ന നിയമനടപടികളുണ്ടെന്നും സുജ സൂസൻ ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നിയമനടപടികൾക്ക് വിധേയമാകുകയും അതിന് വിധേയമാക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവുകഴിവുമില്ല എന്നായിരുന്നു സുജയുടെ പ്രതികരണം.





