വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ വ്യോമനഷ്ടത്തിന്റെ വ്യാപ്തി കണക്കുകൾക്കുമപ്പുറം. ഫെബ്രുവരി 28ന് തുടക്കമിട്ട യുദ്ധത്തിൽ ഇതുവരെ 330 കോടി ഡോളർ (31,929 കോടി രൂപ) ചെലവായതായി അമേരിക്കൻ കോൺഗ്രസിന്റെ ഗവേഷണ വിഭാഗമായ കോൺഗ്രഷണൽ റിസർച്ച് സർവീസ് (CRS) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു.
മാത്രമല്ല കുറഞ്ഞത് 81 അമേരിക്കൻ സൈനിക വിമാനങ്ങളും ഡ്രോണുകളും യുദ്ധത്തിൽ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇവയുടെ ആകെ മൂല്യം ഏകദേശം 3.3 ബില്യൺ ഡോളർ വരുമെന്നും റിപ്പോർട്ട് പറയുന്നു.
“US Aircraft Combat Damage in Operation Epic Fury: Considerations for Congress” എന്ന പേരിലുള്ള റിപ്പോർട്ടിലാണ് കണക്കുകൾ പുറത്തുവിട്ടത്. അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും ആധുനികവും വിലയേറിയതുമായ ചില വ്യോമയാന സംവിധാനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. F-15E യുദ്ധവിമാനങ്ങൾ, F-35A സ്റ്റെൽത്ത് ഫൈറ്റർ, MQ-9 Reaper ഡ്രോണുകൾ എന്നിവയ്ക്കും യുദ്ധത്തിൽ നഷ്ടമോ കേടുപാടുകളോ സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
CRS കണക്കുപ്രകാരം മനുഷ്യർ നിയന്ത്രിക്കുന്ന വിമാനങ്ങളിൽ 12 F-15E വിമാനങ്ങൾ, ഒരു F-35A Lightning II, രണ്ട് A-10 Thunderbolt II, ഏഴ് KC-135 Stratotanker വിമാനങ്ങൾ ഉൾപ്പെടുന്നു. മാർച്ച് 2ന് കുവൈത്തിന് മുകളിലുണ്ടായ സൗഹൃദ വെടിവയ്പ്പിൽ (friendly fire) മൂന്ന് F-15E വിമാനങ്ങൾ വെടിയേറ്റ് തകർന്നതായി റിപ്പോർട്ട് പറയുന്നു. തുടർന്ന് ഏപ്രിലിൽ ഇറാന്റെ മുകളിലൂടെ മറ്റൊരു F-15E കൂടി വെടിയേറ്റ് തകർന്നു.
അതേസമയം, സെപ്റ്റംബർ 9, 10 തീയതികളിൽ ജോർദാനിലെ മുവാഫക് സൽതി എയർ ബേസിന് നേരെയുണ്ടായ ഇറാനിയൻ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് എട്ട് F-15E വിമാനങ്ങൾക്ക് ചെറിയ തോതിൽ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടിലുണ്ട്.
ഏറ്റവും വലിയ നഷ്ടം MQ-9 Reaper ഡ്രോണുകൾക്ക്
ആളില്ലാ വിമാനങ്ങളാണ് അമേരിക്കയുടെ ആകെ നഷ്ടത്തിൽ വലിയൊരു പങ്കും വഹിക്കുന്നത്. 45 MQ-9 Reaper ഡ്രോണുകൾ അമേരിക്കയ്ക്ക് നഷ്ടപ്പെട്ടതായി CRS കണക്കാക്കുന്നു. കൂടാതെ ഒരു MQ-4C Triton, മൂന്ന് MQ-1 വിമാനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ആകാശനിരീക്ഷണത്തിനും മുന്നറിയിപ്പിനുമായി ഉപയോഗിക്കുന്ന ഒരു E-3 Sentry, രണ്ട് MC-130J Commando II, ഒരു HH-60W Jolly Green II ഹെലികോപ്റ്റർ എന്നിവയും നഷ്ടപ്പെട്ടവയുടെ പട്ടികയിലുണ്ട്.
ഒരു MQ-9 Reaper ഡ്രോണിന് മാത്രം ഏകദേശം 3 കോടി മുതൽ 5 കോടി ഡോളർ വരെ വിലയുണ്ട്. F-35A വിമാനത്തിന്റെ മൂല്യം 9.2 കോടി ഡോളറിലധികം വരും. ബോയിങ് 707 വിമാനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ച E-3 Sentryയുടെ ഏകദേശ മൂല്യം 27 കോടി ഡോളറാണ്. ഹെലികോപ്റ്ററുകളിലും ആക്രമണ വിമാനങ്ങളിലും നഷ്ടമുണ്ടായി. ഒരു AH-64 Apache, നാല് AH-6 Little Bird, ഒരു MH-60 Seahawk എന്നിവയും യുദ്ധനഷ്ടങ്ങളിൽ ഉൾപ്പെടുന്നു.
അതുപോലെ വിമാനങ്ങൾക്കും ഡ്രോണുകൾക്കും സംഭവിച്ച നഷ്ടം മാത്രമല്ല വലിയ സാമ്പത്തിക ബാധ്യതയും അമേരിക്ക നേരിടുന്നതായി റിപ്പോർട്ട് പറയുന്നു. ഇറാൻ സംഘർഷത്തിൽ അമേരിക്കൻ സൈന്യം ഉപയോഗിച്ച ആയുധങ്ങളുടെ ചെലവും 6 ബില്യൺ ഡോളറിലധികം വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കോൺഗ്രഷണൽ ബജറ്റ് ഓഫീസ് നേരത്തെ കണക്കാക്കിയിരുന്ന 21.7 ബില്യൺ ഡോളറിൽ നിന്ന് അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ പുതിയ വിലയിരുത്തലിൽ ആയുധച്ചെലവ് 28.1 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. അതായത് 6.4 ബില്യൺ ഡോളറിലധികമാണ് വർധന. അതേസമയം, വിമാനനഷ്ടവുമായി ബന്ധപ്പെട്ട CRS കണക്കുകൾ ഇപ്പോഴും താൽക്കാലികമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചില യുദ്ധസംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. ചില സംഭവങ്ങൾക്ക് ഉത്തരവാദി ആരാണെന്ന കാര്യത്തിലും അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കൂടാതെ കേടുപാടുകൾ സംഭവിച്ചതായി പട്ടികപ്പെടുത്തിയിട്ടുള്ള ചില വിമാനങ്ങൾ പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും സർവീസിലേക്ക് മടങ്ങാനും സാധ്യതയുണ്ട്. അതിനാൽ 3.3 ബില്യൺ ഡോളർ എന്നത് അമേരിക്കയ്ക്ക് ഉണ്ടായ വിമാനനഷ്ടത്തിന്റെയും കേടുപാടുകളുടെയും ഏകദേശ മൂല്യമാണ്. സൈനിക ഇൻവെന്ററിയിൽ നിന്ന് സ്ഥിരമായി ഒഴിവാക്കപ്പെട്ട വിമാനങ്ങളുടെ അന്തിമ സാമ്പത്തിക നഷ്ടമെന്ന നിലയിൽ ഇതിനെ കാണാനാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.




