തിരുവനന്തപുരം: ആരോഗ്യവകുപ്പിനു കീഴിലെ കോന്നി നഴ്സിങ് കോളേജിൽ സീനിയർ സൂപ്രണ്ടായി നിയമിച്ച ബിജെപി നേതാവ് രതീഷ് ആർ. നായരെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിർദേശം. രതീഷ് പക്കാ ബിജെപിക്കാരനാണെന്നും ഇത്തരം പക്കാ രാഷ്ട്രീയക്കാരെ ഇങ്ങനെയുള്ള പോസ്റ്റുകളിൽ നിയമിക്കരുതെന്നും മന്ത്രി പറഞ്ഞു. നിയമനം തന്റെ ഓഫിസ് അറിഞ്ഞിരുന്നില്ല. നിയമപരമായ വശങ്ങൾ പരിശോധിച്ചു നടപടിയെടുക്കാൻ വകുപ്പ് മേധാവിക്കു നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ പോയി തീരുമാനം ചോദ്യം ചെയ്യാതിരിക്കാണാണ് നിയമവശങ്ങൾ നോക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡിഎംഇ ഓഫിസിൽനിന്നു പ്ലാനിങ് ഓഫിസറായി വിരമിച്ച രതീഷിന്റെ തുടർനിയമനം വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ നീക്കം. സർവീസിലിരിക്കെ ബിജെപി അനുകൂല സംഘടനയായ എൻജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു രതീഷ്. ഇത്തരമൊരു തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് എടുത്തതെന്നു മന്ത്രി പറഞ്ഞു. വകുപ്പിലെ നിയമനങ്ങളിൽ മന്ത്രിയുടെ ഓഫിസ് ഇടപെടാറില്ല. നേരിട്ട് എടുത്തതല്ല, ഇന്റർവ്യു വഴി വന്നത്,
അദ്ദേഹത്തിന്റെ മുൻകാലം നോക്കുമ്പോൾ അങ്ങനെയൊരു സ്ഥലത്തിരിക്കാൻ യോഗ്യനല്ലെന്നു മനസിലായി, നിയമവശങ്ങൾ പരിശോധിച്ച് വേണ്ട തീരുമാനങ്ങളെടുക്കും. പൊളിറ്റിക്‌സ് നോക്കിയല്ല ഡോക്ടർമാരെ വെക്കുന്നത്. അവര് നല്ല മിടുക്കന്മായിരിക്കണം, വകുപ്പിനെ സേവിക്കുന്നവരായിരിക്കണം. പിന്നെ ആരോഗ്യവകുപ്പിന്റെ ശമ്പളം വാങ്ങി ജീവിക്കാൻ താത്പര്യമുള്ളവരുമായിരിക്കണം. നിയമനത്തിനു ശേഷം പാർട്ടിയിലെ ചിലരാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. എൻഎച്ച്എമ്മിലെ ഡോക്ടർമാരെ നിയമിക്കുന്നത് ആരോഗ്യമന്ത്രിയാണോ? അതൊക്കെ ഇന്റർവ്യൂ നടത്തിയിട്ടാണ് എടുക്കുന്നത്, അതിലൊന്നും മന്ത്രി ഇടപെടാറില്ലെന്നും മന്ത്രി പറഞ്ഞു.
“രതീഷ് പക്കാ ബിജെപിക്കാരാനാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. അദ്ദേഹം സർവീസിന് ഹിതകരമല്ലാത്ത ഒരാളാണെന്നാണ് വകുപ്പിന്റെ അഭിപ്രായം. പിരിച്ചുവിട്ടാൽ കോടതിയിൽ പോകാൻ സാധ്യതയുള്ളതിനാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിയമവശം പരിശോധിക്കും. ഒരു കാരണവശാലും പക്കാരാഷ്ട്രീയക്കാരെ ഇത്തരമൊരു പോസ്റ്റിലേക്ക് വയ്ക്കില്ല. കോന്നിയിലേക്ക് പോകാൻ ആരും തയാറല്ല. അതുകൊണ്ട് അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചപ്പോൾ നിയമിച്ചതാകാം”. – മുരളീധരൻ പറഞ്ഞു.






