ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. ചൊവ്വാഴ്ച ഇന്ത്യ സഖ്യം നടത്തിയ പ്രതിഷേധത്തിന്റെ തുടർച്ചയായി ഡൽഹിയിൽ ഇന്നും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഉച്ചയോടെ പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനം. എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക, ഗ്യാനേഷ് കുമാർ രാജിവയ്ക്കുക എന്നിവയാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങൾ.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രതിഷേധം നടത്തും. ചൊവ്വാഴ്ച ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിൽ പങ്കെടുക്കാതിരുന്ന ആം ആദ്മി പാർട്ടിയും ഇന്നത്തെ സമരത്തിൽ പങ്കെടുക്കും. കൂടുതൽ രാഷ്ട്രീയ കക്ഷികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തുന്നതോടെ വരും ദിവസങ്ങളിലും സമരം ശക്തമാകുമെന്നാണ് സൂചന.
ഒക്ടോബർ 10-ന് ജന്തർ മന്ദറിൽ വൻ പ്രതിഷേധത്തിന് കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി.) തയ്യാറെടുക്കുകയാണ്. പ്രതിഷേധത്തിന് അനുമതി തേടിയുള്ള അപേക്ഷ നൽകുന്നതിനായി സി.ജെ.പി. കൺവീനർ സൗരവ് ദാസ് ഇന്ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തും. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ജന്തർ മന്ദർ ഉൾപ്പെടെയുള്ള മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും മുതിർന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരും ഇന്നും നാളെയും നടത്താനിരുന്ന ഛത്തീസ്ഗഢ് സന്ദർശനം മാറ്റിവച്ചു. ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാലാണ് സന്ദർശനം മാറ്റിവെച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ദന്തേവാഡയിലെ ദന്തേശ്വരി മാതാ ക്ഷേത്രം, ബസ്തറിലെ ചിത്രകൂട് വെള്ളച്ചാട്ടം, കവാർധയിലെ ഭോരംഗദേവ് ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കാനായിരുന്നു ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പദ്ധതി. സന്ദർശന കാലയളവിൽ ഗ്യാനേഷ് കുമാറിനെ സംസ്ഥാന അതിഥിയായി പ്രഖ്യാപിക്കുകയും ആവശ്യമായ പ്രോട്ടോക്കോൾ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
ഇന്നലെ പാർലമെന്റിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനം ലക്ഷ്യമാക്കി ഇന്ത്യ സഖ്യ എം.പി.മാർ നടത്തിയ മാർച്ച് വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയിരുന്നു. നിതി ആയോഗ് ഓഫീസിന് സമീപം ബാരിക്കേഡ് സ്ഥാപിച്ച് പോലീസ് മാർച്ച് തടഞ്ഞതോടെ എം.പി.മാർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടെ ആകാശവാണി ഭവൻ വഴി സി.ഇ.സി. ആസ്ഥാനത്തേക്ക് എത്താൻ രാഹുൽ ഗാന്ധിയും സംഘവും ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ രാത്രി രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആകെ 260 പേരെ കസ്റ്റഡിയിലെടുത്തതിൽ 10 എം.പി.മാരും ഉൾപ്പെട്ടിരുന്നു. പിന്നീട് എല്ലാവരെയും വിട്ടയച്ചു. ഇന്നലത്തെ പ്രതിഷേധം രാജ്യവ്യാപകമായി പ്രതിധ്വനിക്കുമെന്നും ഇത് തുടക്കം മാത്രമാണെന്നും സി.പി.എം. നേതാവും എം.പിയുമായ ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.




