തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വച്ച് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹൻ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഭർത്താവിന്റെ വീട്ടിലാണ് പ്രവീണ രണ്ടു മക്കൾക്കൊപ്പം കഴിഞ്ഞിരുന്നത്. കേബിൾ ഓപറേറ്ററായ രാജേഷാണ് പ്രവീണയുടെ ഭർത്താവ്. അതേസമയം വീട്ടിൽനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു. സാധാരണയുണ്ടാകുന്ന ചെറിയ പ്രശ്നങ്ങളല്ലാതെ കാര്യമായി മകൾക്കും ഭർതൃവീട്ടുകാർക്കുമിടയിലുണ്ടായിരുന്നുവെന്നാണ് യുവതിയടെ കുടുംബം പറയുന്നത്.
തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം 70 ശതമാനത്തിലേറെ പൊള്ളലേറ്റ പ്രവീണയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവേ ഇന്നലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്ന് ഉച്ചയ്ക്ക് പനങ്ങാട്ടൂർ പൊതുശ്‌മശാനത്തിൽ മൃതദേഹം സംസ്കരിക്കും. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു. പഴയക്കൽ പി. മോഹന്റെയും രമയുടെയും മകളാണ്.




