അമ്പലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചയാളുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല മോഷ്ടിച്ച പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടി. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒൻപതാം വാർഡിൽ ചൂളപ്പറമ്പ് വീട്ടിൽ അഷ്കർ (34) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്.
ഒക്ടോബർ നാലിന് രാത്രി 9.30ഓടെയാണ് സംഭവം. വാഹനാപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ പോയ ഓട്ടോയിൽ പ്രതി കയറിക്കൂടുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ ഉടൻ പരിക്കേറ്റയാളുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് അഷ്കർ കടന്നുകളഞ്ഞെന്നാണ് പൊലീസ് പറയുന്നത്.
തുടർന്ന് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കുറവൻതോട് ജങ്ഷനിൽവച്ച് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
അമ്പലപ്പുഴ സർക്കിൾ ഇൻസ്പെക്ടർ വിഷ്ണുകുമാർ, സബ് ഇൻസ്പെക്ടർമാരായ ജയേഷ് ചന്ദ്രൻ, വിനോദ്, രഞ്ജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിജോയ്, വിനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ അരുൺ, വിജിത്ത്, തൻസീം, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിലായ അഷ്കർ നേരത്തെയും ലഹരിമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.




