മഹാരാഷ്ട്ര: സത്താറ ജില്ലയിൽ ടിവി കാണുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ അധ്യാപകനായ പിതാവ് 17കാരിയായ മകളെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയിൽ അടിച്ചുകൊലപ്പെടുത്തി. ആര്യ കദം എന്ന പെൺകുട്ടിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് പുരുഷോത്തമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി വീട്ടിൽ ടിവി കാണുന്നതിനെച്ചൊല്ലി ആര്യയും ഇളയ സഹോദരനും സഹോദരിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ ആര്യ ഇളയ സഹോദരിയുടെ കണ്ണിൽ ഇടിച്ചതായി പോലീസ് പറഞ്ഞു.
ഇതിനെ തുടർന്ന് പിതാവ് പുരുഷോത്തം ആര്യയെ ശകാരിച്ചു. ഇതിൽ പ്രകോപിതയായ ആര്യ കയ്യിൽ ബാറ്റുമായി പിതാവിന്റെ അടുത്തേക്ക് ഓടിയെത്തുകയും അസഭ്യം പറയുകയും ചെയ്തു. ഇതോടെ രോഷാകുലനായ പുരുഷോത്തം ആര്യയുടെ കൈയിൽനിന്ന് ബാറ്റ് പിടിച്ചുവാങ്ങി അതേ ബാറ്റുകൊണ്ട് തലയിൽ ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആര്യ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
കൊലപാതകത്തിന് പിന്നാലെ ഏറെ നേരം പുരുഷോത്തം മൃതദേഹത്തിന് സമീപം ഇരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നീട് പുലർച്ചെ ഭാര്യയെ വിവരം അറിയിച്ചു. തെളിവുകൾ നശിപ്പിക്കാൻ വീടിന്റെ തറയിൽ വീണിരുന്ന രക്തക്കറകൾ വൃത്തിയാക്കുകയും ആര്യ ധരിച്ചിരുന്ന ടി-ഷർട്ട് വാഷിങ് മെഷീനിൽ മൂന്ന് തവണ കഴുകുകയും ചെയ്തു. രക്തം പുരണ്ട ക്രിക്കറ്റ് ബാറ്റ് വീടിന്റെ മേൽക്കൂരയിലേക്ക് എറിയുകയും ചെയ്തു.
ഞായറാഴ്ച രാവിലെ ബന്ധുക്കളും അയൽവാസികളും സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചു. തുടക്കത്തിൽ പെൺകുട്ടി സ്വയം തലയിൽ പരുക്കേൽപ്പിച്ചതാണെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്. എന്നാൽ വിശദമായി ചോദ്യം ചെയ്തതോടെ ആര്യയുടെ അമ്മ ഷീല സത്യം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് പുരുഷോത്തം കുറ്റം സമ്മതിച്ചു. വീടിന്റെ മേൽക്കൂരയിൽനിന്ന് പോലീസ് ബാറ്റും കണ്ടെടുത്തു.
“മകൾ തെറ്റായ വഴിയിലേക്ക് പോയിരുന്നു. മോശം ശീലങ്ങളുണ്ടായിരുന്നു. അവളുടെ തെറ്റായ പെരുമാറ്റത്തിൽ മടുത്തതിനെ തുടർന്നാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടിവന്നത്,” എന്നാണ് ചോദ്യം ചെയ്യലിനിടെ പുരുഷോത്തം പോലീസിനോട് പറഞ്ഞത്. എന്നാൽ അയൽവാസികൾ ആര്യയെക്കുറിച്ച് പറഞ്ഞത് വ്യത്യസ്തമായിരുന്നു. വളരെ സൗഹൃദപരമായ പെരുമാറ്റമായിരുന്നു പെൺകുട്ടിയുടേതെന്നും എല്ലാവരോടും സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്തിരുന്നുവെന്നും അയൽവാസികൾ പറഞ്ഞു.
പുരുഷോത്തവും ഭാര്യ ഷീലയും അധ്യാപകരാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ ആര്യയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൂനെയിലെ ഒരു സൈക്യാട്രിസ്റ്റിന്റെ ചികിത്സയിലായിരുന്നുവെന്നും കണ്ടെത്തി. ദിവസവും മരുന്നുകളും കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.
മൊബൈൽ ഫോണും ടിവിയും അമിതമായി ഉപയോഗിച്ചിരുന്ന ആര്യ ചെറിയ കാര്യങ്ങൾക്ക് പോലും അക്രമാസക്തയായി പ്രതികരിക്കാറുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അമിതമായ മൊബൈൽ ഉപയോഗത്തെ തുടർന്നുണ്ടായ പ്രകോപനവും മാനസികാവസ്ഥയിലെ മാറ്റങ്ങളും കാരണം ഒരിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ മേയിൽ ആര്യ പിതാവിനെ ആക്രമിച്ചതായും സംഭവത്തിൽ പുരുഷോത്തമിന്റെ കൈയ്ക്ക് ഒടിവുണ്ടായതായും പോലീസ് പറഞ്ഞു. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്നതിനെ തുടർന്ന് ആര്യ പലപ്പോഴും അസ്വസ്ഥയും പ്രകോപിതയുമാകാറുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ സത്താറ സിറ്റി പോലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.




