തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയെന്ന ആരോപണം ഉന്നയിക്കുന്ന എൽ.ഡി.എഫ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈക്കിൾ തട്ടി നായ ചത്താൽ പോലും ബി.ജെ.പി-കോൺഗ്രസ് ഒത്തുകളിയാണെന്ന് പറയുന്ന അവസ്ഥയിലാണ് പിണറായി വിജയനും എം.വി. ഗോവിന്ദനുമെന്ന് ചെന്നിത്തല പരിഹസിച്ചു. എൽ.ഡി.എഫ് നേതാക്കളുടെ ആരോപണങ്ങളെല്ലാം ‘ഉണ്ടയില്ലാ വെടി’ മാത്രമാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേര് ഉച്ചരിക്കാൻ പോലും ഭയപ്പെട്ടിരുന്ന പിണറായി വിജയനാണ് ഇപ്പോൾ ബി.ജെ.പി-കോൺഗ്രസ് ഒത്തുകളി ആരോപിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യാതൊരുവിധ ഒത്തുകളിയും നടന്നിട്ടില്ലെന്നും അതിന്റെ ആവശ്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘മുമ്പ് ഒത്തുകളി നടത്തിയവരാണ് ഇപ്പോൾ പ്രതിപക്ഷത്തിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. എന്തുപറഞ്ഞാലും ഇപ്പോൾ ഒത്തുകളിയാണെന്നാണ് ഇവരുടെ വാദം. സ്വന്തം പാപം കഴുകിക്കളയാൻ ഒത്തുകളിച്ചവർ ഞങ്ങളെ കൂട്ടുപിടിക്കേണ്ടതില്ല’ – ചെന്നിത്തല പറഞ്ഞു.
അതേസമയം, മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയതായി വാർത്തകളിൽ കണ്ടിരുന്നു. എന്നാൽ ആഭ്യന്തര സെക്രട്ടറി മുഖേനയാണ് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് ലഭിക്കേണ്ടത്. റിപ്പോർട്ട് ലഭിച്ച ശേഷം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. സുഗതന് കാപ്പ കേസിൽ ലഭിച്ച അനുകൂല ഉത്തരവ് കോടതി വിധിയാണെന്നും പോലീസ് നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കോടതി സ്വീകരിക്കുന്ന തീരുമാനങ്ങളെ വിമർശിക്കാൻ കഴിയില്ലെന്നും വിധിയുടെ പകർപ്പ് പരിശോധിച്ച ശേഷം നിയമപരമായി എന്ത് നടപടി സ്വീകരിക്കാനാകുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.






