ന്യൂഡൽഹി: വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. 40ലേറെ പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്താനാണ് തീരുമാനം. ഒക്ടോബർ 25 മുതയ റൂട്ടുകളാണ് ആരംഭിക്കുന്നത്. കേരളത്തിൽ കൊച്ചിയിൽനിന്നും തിരുവനന്തപുരത്തുനിന്നും കൂടുതൽ സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി-ബാങ്കോക്ക്, കൊച്ചി-കുവൈത്ത്, തിരുവനന്തപുരം-ബഹ്റൈൻ, തിരുവനന്തപുരം-റിയാദ് സർവീസുകളാണ് ഇതിൽ പ്രധാനപ്പെട്ടത്.
ലഖ്‌നൗ-റാസ് അൽ ഖൈമ, മംഗളൂരു-കുവൈത്ത്, മംഗളൂരു-റാസ് അൽ ഖൈമ, മുംബൈ-കുവൈത്ത്, ഡൽഹി-റിയാദ്, ബെംഗളൂരു-കാഠ്മണ്ഡു, ചെന്നൈ-സിംഗപ്പൂർ, ഹൈദരാബാദ്-ഫൂക്കറ്റ് തുടങ്ങിയ റൂട്ടുകളിലും പുതിയ സർവീസുകൾ ആരംഭിക്കും.
ആഭ്യന്തര സർവീസുകളിലും വിപുലീകരണമുണ്ടാകും. ബെംഗളൂരുവിൽനിന്ന് കോയമ്പത്തൂർ, ഗോവ (മോപ), ജോധ്പൂർ, മധുര എന്നിവിടങ്ങളിലേക്കും ഡൽഹിയിൽനിന്ന് അഹമ്മദാബാദ്, ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലേക്കും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളെയും വളർന്നുവരുന്ന കേന്ദ്രങ്ങളെയും കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിലൂടെ യാത്രക്കാർക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം മേഖലയ്ക്കും പുതിയ സർവീസുകൾ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.






