ഷാർജ: പാക്കിസ്ഥാൻ ചാമ്പ്യൻസ് നിലവിൽ നടക്കുന്ന വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) ടൂർണമെന്റിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കളിക്കാൻ വിസമ്മതിച്ച ഇന്ത്യൻ ടീമിനോട് എഴുത്തുപരമായ മാപ്പ് ആവശ്യപ്പെട്ടെങ്കിലും ടൂർണമെന്റ് സംഘാടകർ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് പാക്കിസ്ഥാൻ ടീം പിന്മാറിയതെന്നാണ് എൻഡിടിവി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ സീസണിൽ പാക്കിസ്ഥാൻ ചാമ്പ്യൻസിനെതിരായ മത്സരം കളിക്കാൻ ഇന്ത്യ ചാമ്പ്യൻസ് വിസമ്മതിച്ചിരുന്നു. ഇരു ടീമുകളും തമ്മിലുള്ള ഗ്രൂപ്പ് ഘട്ട മത്സരം ഇതോടെ റദ്ദാക്കി. പിന്നീട് സെമിഫൈനലിലും ഇന്ത്യൻ ടീം നിലപാടിൽ ഉറച്ചുനിന്നതോടെ പാക്കിസ്ഥാൻ ചാമ്പ്യൻസ് വാക്കോവർ നേടിയാണ് ഫൈനലിലെത്തിയത്.
ആദ്യഘട്ടത്തിൽ പാക്കിസ്ഥാൻ താരങ്ങൾക്ക് ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള എൻഒസി നൽകുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) വിമുഖത പ്രകടിപ്പിച്ചിരുന്നു. പിന്നീട് താരങ്ങൾക്ക് എൻഒസി നൽകാൻ പിസിബി സമ്മതിച്ചെങ്കിലും, കഴിഞ്ഞ സീസണിലെ നടപടിയിൽ ഇന്ത്യൻ ടീം എഴുത്തുപരമായി മാപ്പ് പറയണമെന്ന നിബന്ധന മുന്നോട്ടുവച്ചതായാണ് വിവരം. എന്നാൽ WCL സംഘാടകർ ഈ ആവശ്യം നിരസിച്ചു.
ഇന്ത്യൻ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കാതിരിക്കാൻ തീരുമാനിച്ചാലും തങ്ങൾക്ക് അതിൽ എതിർപ്പില്ലെന്ന് WCL സംഘാടകർ വ്യക്തമാക്കണമെന്ന ആവശ്യവും പിസിബി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ ആവശ്യങ്ങളിലും ധാരണയിലെത്താൻ സാധിക്കാത്തതോടെയാണ് പാക്കിസ്ഥാൻ ചാമ്പ്യൻസ് ടൂർണമെന്റിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്. അതേസമയം, ടീം പിന്മാറിയതിന്റെ കാരണം അപ്രതീക്ഷിത സാഹചര്യങ്ങൾ എന്നുമാത്രമാണ് WCL ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ WCL സീസണിൽ ഇന്ത്യ ചാമ്പ്യൻസ്- പാക്കിസ്ഥാൻ ചാമ്പ്യൻസ് മത്സരങ്ങൾക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷവും പൊതുവികാരവും പരിഗണിച്ചാണ് ഇന്ത്യൻ താരങ്ങൾ കളിക്കാതിരുന്നത്. മുൻ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്ന, ഹർഭജൻ സിങ്, പിയൂഷ് ചൗള, യൂസഫ് പഠാൻ, റോബിൻ ഉത്തപ്പ എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീമായിരുന്നു അന്ന് മത്സരത്തിൽ നിന്ന് പിന്മാറിയത്.
കഴിഞ്ഞ സീസണിൽ ഇത് രണ്ടാം തവണയായിരുന്നു ഇന്ത്യ ചാമ്പ്യൻസ് പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യം നിശ്ചയിച്ചിരുന്ന മത്സരത്തിലും ഇന്ത്യ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മത്സരം റദ്ദാക്കിയിരുന്നു. പിന്നീട് സെമിഫൈനലിലും ഇന്ത്യയുടെ നിലപാട് തുടർന്നതോടെ പാക്കിസ്ഥാൻ ചാമ്പ്യൻസ് വാക്കോവറിലൂടെ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.






