ടെൽ അവീവ്: ഫ്ലൈദുബായ് വിമാനത്തിന്റെ ക്യാപ്റ്റനെ കുത്തിപ്പരുക്കേൽപ്പിച്ച് വിമാനം ഇടിച്ചുതകർക്കാൻ ശ്രമിച്ചെന്ന കേസിലെ പ്രതിക്കെതിരെ ഗുരുതര കണ്ടെത്തലുകൾ. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ആക്രമണം ആസൂത്രണം ചെയ്തത് ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെയെന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. അന്വേഷണം സംബന്ധിച്ച് അറിവുള്ള രണ്ട് ഇസ്രയേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിലെ പൈലറ്റിനെ കൊലപ്പെടുത്തി വിമാനം നിയന്ത്രണത്തിലാക്കുകയും ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചു തകർക്കുകയുമായിരുന്നു ലക്ഷ്യമെന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ആക്രമണം ഒറ്റയാൾ നടത്തിയതാകാനാണ് സാധ്യതയെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ വിലയിരുത്തൽ. എന്നാൽ ആക്രമണത്തിന്റെ ഉദ്ദേശ്യം, സാഹചര്യങ്ങൾ, മറ്റാരുടെയെങ്കിലും സഹായമോ ബന്ധമോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.
ഈ വർഷം ആദ്യം ഇയാൾ ടെൽ അവീവിലേക്ക് മറ്റൊരു വിമാനം പറത്തിയിരുന്നു. അന്നും വിമാനം ഹൈജാക്ക് ചെയ്ത് ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ ഇടിച്ചുതകർക്കാൻ ഇയാൾ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് ആ നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നും വൃത്തം പറഞ്ഞു. ആദ്യത്തെ യാത്രയിൽ എന്തുകൊണ്ടാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. എന്നാൽ അന്നത്തെ വിമാനത്തിൽ ഇയാൾക്ക് പരിചയമുള്ള ഒരാൾ യാത്ര ചെയ്തിരുന്നതായി കരുതുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തം പറഞ്ഞു. അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയാത്തതിനാൽ വിവരങ്ങൾ നൽകിയ എല്ലാവരും പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിലാണ് സംസാരിച്ചത്. സംഭവത്തെക്കുറിച്ച് യുഎഇ, ഇസ്രയേൽ അധികൃതരോടും ഫ്ലൈദുബായിയോടും പ്രതികരണം തേടിയെങ്കിലും ഉടൻ പ്രതികരണമുണ്ടായില്ല.
ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പോയ FZ1073 വിമാനത്തിൽ സഹപൈലറ്റ് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന കോക്പിറ്റിലെ ക്രാഷ് ആക്സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിച്ചതായി യുഎഇ പ്രോസിക്യൂട്ടർ ജനറൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തെ ‘ഭീകരാക്രമണം’ എന്നാണ് യുഎഇ അധികൃതർ വിശേഷിപ്പിച്ചത്.
സഹപൈലറ്റ് ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണെന്ന് രണ്ട് അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഇസ്രയേൽ അധികൃതർ ഇയാളുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒമാൻ സ്വദേശിയാണ് സഹപൈലറ്റെന്ന് മാത്രമാണ് അവർ അറിയിച്ചത്. യുഎഇ അധികൃതരും ഫ്ലൈദുബായിയും ഇതുവരെ ഇയാളുടെ വ്യക്തിവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ടെൽ അവീവിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനികളെ അന്വേഷിച്ചതിന് ശേഷമാണ് ദുബായ് സർക്കാർ ഉടമസ്ഥതയിലുള്ള ഫ്ലൈദുബായിയിൽ ജോലിക്ക് അപേക്ഷിച്ചതെന്ന് സഹപൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി രണ്ട് ഇസ്രയേൽ ഉദ്യോഗസ്ഥർ പറഞ്ഞു. യുഎഇയിൽ നടക്കുന്ന അന്വേഷണത്തിന്റെ വിവരങ്ങൾ ഇസ്രയേലിന് തുടർച്ചയായി കൈമാറുന്നുണ്ടെന്നും മറ്റൊരു വൃത്തം വ്യക്തമാക്കി.
യാത്രക്കാരും ജീവനക്കാരും ചേർന്ന് സഹപൈലറ്റിനെ കീഴടക്കിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛർ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയും കോക്പിറ്റ് വാതിൽ തുറക്കാൻ സാധിക്കുകയും ചെയ്തു. സംഭവത്തിൽ ധൈര്യത്തോടെ ഇടപെട്ട മച്ച്ഛറിനെ തുടർന്ന് ‘ഹീറോ’യായി വിശേഷിപ്പിച്ചിരുന്നു. 170ലേറെ യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിൽ ഭൂരിഭാഗവും ഇസ്രയേൽ പൗരന്മാരായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഫ്ലൈദുബായിയുടെ മറ്റൊരു റിസർവ് പൈലറ്റ് നിയന്ത്രണം ഏറ്റെടുത്തതിനെ തുടർന്ന് വിമാനം വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ പ്രാദേശിക വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി.
തുടർന്ന് സൗദി അധികൃതർ സഹപൈലറ്റിനെ കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച ഇയാളെ യുഎഇയ്ക്ക് കൈമാറുകയായിരുന്നു. ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാൻ പോലുള്ള രാജ്യങ്ങളിലെ പൗരന്മാരായ പൈലറ്റുമാർക്ക് ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ നിയന്ത്രിക്കാൻ അനുമതിയില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ അൽ-ഹമ്മാമിയെ ടെൽ അവീവിലേക്കുള്ള വിമാനത്തിൽ എങ്ങനെ നിയോഗിച്ചുവെന്നത് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ഇസ്രയേലിലേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനികളെക്കുറിച്ച് വിശദമായ പരിശോധന നടത്താൻ നെതന്യാഹു ഉത്തരവിട്ടു.
അതേസമയം, സഹപൈലറ്റിന് ഓസ്ട്രേലിയയുമായുള്ള ബന്ധവും പരിശോധിക്കുന്നുണ്ട്. മെൽബണിലെ ആർഎംഐടി സർവകലാശാലയിൽ ഇയാൾ മുമ്പ് പഠിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം പത്ത് വർഷം മുമ്പ് ഇയാൾ അവിടെ പഠിച്ചിരുന്നുവെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട മറ്റൊരു വൃത്തം പറഞ്ഞത്. സഹപൈലറ്റിന് ഓസ്ട്രേലിയയുമായുള്ള ബന്ധം സംബന്ധിച്ച് ഓസ്ട്രേലിയൻ മൾട്ടി-ഏജൻസി ഭീകരവിരുദ്ധ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






