തൃശൂർ: മകളെയും പേരക്കുട്ടിയെയും യാത്രയാക്കാനെത്തിയ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. മുരിങ്ങൂർ മണ്ടിക്കുന്ന് ഊട്ടോളി വീട്ടിൽ ശശിയുടെ ഭാര്യ ഗീത (57) ആണ് മരിച്ചത്. മുരിങ്ങൂർ ഡിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.
ചേർത്തലയിലുള്ള മകളെ ട്രെയിൻ കയറ്റിവിടാനായാണ് ഗീത സ്റ്റേഷനിലെത്തിയത്. മകൾ ശാരിയും പേരക്കുട്ടി ശ്രാവണുമൊത്ത് റെയിൽപ്പാളം കടന്നാണ് ഇവർ സ്റ്റേഷനിലെത്തിയത്. ഇതിനിടെ ട്രാക്കിന് സമീപത്തെ പ്ലാറ്റ്‌ഫോമിൽ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെയാണ് എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിൻ ഗീതയെ ഇടിച്ചുവീഴ്ത്തിയത്.
മകളും പേരക്കുട്ടിയും നോക്കിനിൽക്കെയായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഗീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.\




