പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയ നടപടിയെ സ്വാഗതം ചെയ്ത് മുൻ സിപിഎം നേതാവ് പി.കെ. ശശി. താൻ നേരത്തെ ഉന്നയിച്ച വിമർശനങ്ങൾ ശരിയാണെന്ന് ഇപ്പോഴത്തെ സംഭവവികാസങ്ങൾ തെളിയിച്ചില്ലേയെന്നും ശശി ചോദിച്ചു. പാർട്ടിയിൽ ഇനിയും നിരവധി പ്രശ്നങ്ങൾ ബാക്കിനിൽക്കുന്നുണ്ടെന്നും നേതൃത്വത്തിന്റെ വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനമാണ് ശശി ഉന്നയിച്ചത്.
സുരേഷ് ബാബുവിനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ശശിയുടെ പ്രതികരണം. ‘ചതിച്ചാൽ ചതിക്കപ്പെടും’ എന്ന തത്ത്വമാണ് ഇപ്പോൾ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ യുവജന നേതാവിനെക്കൂടി മാറ്റാൻ തീരുമാനമായിട്ടുണ്ടല്ലോ എന്നും ശശി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയെ മാറ്റാനുള്ള തീരുമാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളെയാണ് ശശി പരാമർശിച്ചതെന്നാണ് സൂചന.
പാർട്ടിയിൽ ഇനിയും നിരവധി ‘പുഴുക്കുത്തുകൾ’ ബാക്കിയുണ്ടെന്നും ശശി ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു. നേതൃത്വത്തിന്റെ പ്രവർത്തനങ്ങളെയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായ സംഘടനാപരമായ വീഴ്ചകളെയും ശശി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയുള്ള തിരുത്തൽ നടപടികളുടെ ഭാഗമായാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത്. പകരം മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. വിശാല ജില്ലാ കമ്മിറ്റി യോഗത്തിന് മുന്നോടിയായി സുരേഷ് ബാബു വ്യക്തിപരമായ അസൗകര്യം നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
തനിക്കെതിരെ പരാതികളൊന്നുമില്ലെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിഞ്ഞതെന്നുമാണ് സുരേഷ് ബാബു പ്രതികരിച്ചത്. ആരോഗ്യപ്രശ്നം ഉണ്ടായാൽ മാത്രമേ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയാവൂ എന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുരേഷ് ബാബുവിനെതിരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും പറഞ്ഞു. മാറ്റവുമായി ബന്ധപ്പെട്ട് മറ്റ് വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലെന്നും വ്യക്തിപരമായ കാര്യം സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടിരുന്നുവെന്നും ചെന്താമരാക്ഷൻ വ്യക്തമാക്കി.
എന്നാൽ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിന്റെ നേതൃത്വത്തിനെതിരെ സംഘടനാപരമായ വിമർശനങ്ങൾ ഉയർന്നിരുന്നു. വിഭാഗീയതയും വിമത നീക്കങ്ങളും നിയന്ത്രിക്കുന്നതിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്നും അത് തെരഞ്ഞെടുപ്പ് തോൽവിയെ ബാധിച്ചെന്നും പ്രതിനിധികൾ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടായത്.
ജില്ലാ കമ്മിറ്റിയിലും സംഘടനാ തലത്തിലും പുനഃസംഘടനയുടെ ഭാഗമായി ആറ് ഏരിയാ സെക്രട്ടറിമാർ ഉൾപ്പെടെ എട്ട് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിട്ടുണ്ട്. സമ്മേളന കാലയളവിന് പുറത്തുള്ള ജില്ലാ സെക്രട്ടറി മാറ്റം സിപിഎമ്മിൽ അപൂർവ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.






