ഭോപ്പാൽ: ഹിന്ദുക്കൾ ചെറുപ്പത്തിലെ വിവാഹം കഴിക്കണം, കൂടാതെ അഞ്ച് കുട്ടികൾക്ക് വീതം ജന്മം നൽകണമെന്നും ആഹ്വാനം ചെയ്ത് ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും ഖാർഗോൺ-ബർവാനി മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ എംപിയുമായ ഗജേന്ദ്ര സിങ് പട്ടേൽ. വിവിധ സമുദായങ്ങൾക്കിടയിലെ ജനസംഖ്യാ പ്രവണതകളിൽ മാറ്റമുണ്ടാകുന്നുവെന്ന തന്റെ വാദത്തിന്റെ പശ്ചാത്തലത്തിലാണ് പട്ടേൽ ഇത്തരമൊരു ആഹ്വാനം നടത്തിയത്. സമൂഹത്തിലും കുടുംബങ്ങളിലും ശക്തി വർധിപ്പിക്കുന്നതിനായി ജിമ്മുകളും പരമ്പരാഗത ഗുസ്തി പരിശീലന കേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭക്തിക്കൊപ്പം ശാരീരിക ശക്തിയും ആയുധങ്ങൾ കൈവശം വയ്ക്കുന്നതും ആവശ്യമാണെന്നും പട്ടേൽ അഭിപ്രായപ്പെട്ടു.
ബർവാനിയിൽ സംസാരിക്കവെ പട്ടേൽ യുവാക്കൾക്കിടയിലെ ലഹരി ഉപയോഗവും ആർഭാട പ്രവണതയും സംബന്ധിച്ച് ആശങ്കയും പ്രകടിപ്പിച്ചു. തന്റെ ‘3D’ ക്യാംപെയ്നെ പരാമർശിച്ച അദ്ദേഹം DJ, ഡ്രഗ്സ്, ഡൗറി (സ്ത്രീധനം) എന്നിവയുടെ ഗൗരവം സമൂഹം തിരിച്ചറിയണമെന്ന് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ ഹിന്ദുക്കൾ പരസ്പരം പിന്തുണയ്ക്കണമെന്നും കോൺഗ്രസിനെയോ ബിജെപിയെയോ ആശ്രയിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ സ്വാതന്ത്ര്യാനന്തര കാലത്തെ ജനസംഖ്യാ സാഹചര്യത്തെക്കുറിച്ചും പട്ടേൽ പരാമർശിച്ചു. 1947 മുതൽ 1967 വരെയുള്ള കാലഘട്ടത്തിലെ സാഹചര്യം വ്യത്യസ്തമായിരുന്നുവെന്നും സ്വാതന്ത്ര്യത്തിന് ശേഷവും 2011ലെ സെൻസസ് വരെയുള്ള കാലയളവിലും ഒരു സമുദായത്തിന്റെ ജനസംഖ്യാ ഗ്രാഫ് താഴ്ന്നപ്പോൾ മറ്റൊരു സമുദായത്തിന്റേത് ഉയർന്നുവെന്നുമാണ് അദ്ദേഹം അവകാശപ്പെട്ടു.
നിലവിലെ സാഹചര്യങ്ങൾ യുവാക്കൾ മനസിലാക്കണം. 1947നും 1967നും ഇടയിൽ ജനിച്ച മുൻതലമുറകളിൽ വലിയ കുടുംബങ്ങളാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അന്നത്തെ കാലത്ത് നാല്, അഞ്ച്, ആറ്, ഏഴ് കുട്ടികൾ വരെയുണ്ടായിരുന്ന കുടുംബങ്ങളുണ്ടായിരുന്നു. 20, 21, 22 വയസുകളിലായിരുന്നു പലരും വിവാഹം കഴിച്ചിരുന്നത്. എന്നാൽ ഇന്ന് 30, 35, ചിലപ്പോൾ 37 വയസിലും വിവാഹം കഴിക്കുകയും ഒരു കുട്ടി മാത്രമുള്ള കുടുംബങ്ങളായി മാറുകയും ചെയ്യുന്നുവെന്നും പട്ടേൽ വാദിച്ചു.






