കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വെച്ച് ഭർത്താവിന്റെ ക്രൂര മർദനത്തിനിരയായെന്ന് കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃമാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. പരിമണം സ്വദേശി നന്ദു, പിതാവ് ദിനേശ്, മാതാവ് ജഗദമ്മ എന്നിവർക്കെതിരെയാണ് കേസ്.
വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജർ, ബെൽറ്റ്, കുക്കർ, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് നിരന്തരം മർദിച്ചെന്നും പരാതിയിലുണ്ട്.
കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ഇല്ലാത്ത കാര്യങ്ങൾ പറയിപ്പിച്ചെന്നും ഇതിന്റെ ശബ്ദരേഖ ഭർത്താവ് പിന്നീട് പ്രചരിപ്പിച്ചെന്നും യുവതി ആരോപിക്കുന്നു. ഭീഷണിപ്പെടുത്തിയാണ് ശബ്ദരേഖ റെക്കോർഡ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.
സെപ്റ്റംബർ 30നാണ് യുവതി നാട്ടിൽ തിരിച്ചെത്തിയത്. ശരീരമാസകലം മർദനമേറ്റ പാടുകളും മുറിവുകളുമുണ്ടായിരുന്ന യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിലാണ് ചവറ പൊലീസ് കേസെടുത്തത്.




