തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിലെ പോലീസ് നടപടിക്കു പിന്നാലെ പോലീസുകാർക്കുനേരെയുള്ള ഭീഷണിയും സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇതിനുപിന്നാലെ എസ്എഫ്‌ഐ നേതാവും കന്റോൺമെന്റ് എസ്‌ഐയുമായുള്ള ഫോൺ സംഭാഷണം പുറത്ത്. വീട്ടിലേക്കു സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുക്കുമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം.എ. നന്ദനോനാട് എസ്‌ഐ ജി.ഗോകുൽ പറയുന്ന ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
വീട്ടിലേക്ക് സമരം വന്നാൽ പാർട്ടി ഓഫിസിൽ കയറി നിന്നെ എടുത്തിരിക്കും, എനിക്ക് ഒരു പേടിയുമില്ല, പറ്റുമെങ്കിൽ നീ ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യ്. ബാക്കി ഞാൻ നോക്കിക്കോളാം’ എന്നും എസ്‌ഐ പറയുന്നു. പിന്നാലെ ആരാണു സംസാരിക്കുന്നതെന്നു ചോദിക്കുമ്പോൾ കന്റോൺമെന്റ് എസ്‌ഐ ഗോകുൽ ആണെന്നും പറയുന്നുണ്ട്. ‘‘ആഭ്യന്തരമന്ത്രി പറഞ്ഞതനുസരിച്ച് അറസ്റ്റുകൾ നിർത്തിവച്ചിരിക്കുകയാണ്. മര്യാദയ്ക്കാണെങ്കിൽ തിരിച്ചും മര്യാദ. നിങ്ങൾ ഇപ്പോൾ ഒരു മാർച്ച് നടത്തിയാൽ ഞങ്ങൾ നേരെ പാർട്ടി ഓഫിസിൽ കയറും. നിന്നെ എടുക്കും. നീ എവിടെയാണ് ഇരിക്കുന്നതെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം’’ – എന്നും എസ്‌ഐ പറയുന്നു.
അതേസമയം കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്-എസ്എഫ്‌ഐ സംഘർഷമുണ്ടായതിനു പിന്നാലെ കന്റോൺമെന്റ് എസ്എച്ച്ഒ സതീഷ്, എസ്‌ഐ ഗോകുൽ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് എസ്എഫ്‌ഐ നേരിട്ടു പരാതി നൽകിയിരിക്കുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ തിരഞ്ഞുപിടിച്ചു മർദിക്കുകയാണെന്നാണ് പരാതി. ഇതിനിടെ പോലീസിനെതിരെ വധഭീഷണി മുഴക്കിയ നേതാക്കളുടെ സംഭാഷണങ്ങളും പുറത്തുവന്നിരുന്നു.




