മുംബൈ: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധന (SIR) നടപടികളിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ച് ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മുംബൈ ശിവാജി പാർക്കിൽ നടന്ന പ്രതിഷേധത്തിനിടെ 75കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
ശിവാജി പാർക്ക് പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ മരിച്ചയാളെ തിരിച്ചറിഞ്ഞു. സമീപത്തെ താനെയിലെ ദോസ്തി വെസ്റ്റ് കൗണ്ടിയിലെ ബി വിങ് നിവാസിയായ ഗോപാലകൃഷ്ണ സുബ്ബയ്യ പിള്ളയാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഏകദേശം 4.30ഓടെയാണ് പിള്ള പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ശിവാജി പാർക്കിലെത്തിയത്. വൈകിട്ട് അഞ്ചോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളും പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെ പിള്ള മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
അതേസമയം സിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം വൈകിട്ട് നാലുമണിയോടെയാണ് ആരംഭിച്ചത്. കടുത്ത വെയിലിനിടയിലും ആയിരക്കണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതോടെ ശിവാജി പാർക്കിന്റെ പരിസരം ജനനിബിഡമായി. പോലീസ് അനുമതി ലഭിച്ചിരുന്നില്ലെങ്കിലും വലിയ ജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധം നടന്നത്.






