തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ മരിച്ചുസ 10 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ശ്രീ സിറ്റിയിലെ ടിഐഎൽ ഹെൽത്ത്‌കെയർ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതോടെ പ്രദേശത്ത് പരിഭ്രാന്തി പടർന്നു. വിവരമറിഞ്ഞ ഉടൻ രക്ഷാപ്രവർത്തകരും അടിയന്തര സേവന സംഘങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റ തൊഴിലാളികളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ ആരംഭിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. പ്രദേശമാകെ പുക മൂടി. അപകടവിവരം അറിഞ്ഞയുടൻ ശ്രീ സിറ്റി പോലീസും അഗ്നിശമന സേനയും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസും വ്യവസായ സുരക്ഷാ വിഭാഗവും സ്ഥലത്ത് വിശദമായ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവസ്ഥലം സംസ്ഥാന ആഭ്യന്തര മന്ത്രി വംഗലപുടി അനിത സന്ദർശിക്കുമെന്നാണ് വിവരം. അപകടത്തിൽ തിരുപ്പതി എംപി മദ്ദില ഗുരുമൂർത്തി ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
അതേപോലെ ആന്ധ്രപ്രദേശ് വിദ്യാഭ്യാസ-ഐടി മന്ത്രി നാരാ ലോകേഷും സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കൊപ്പം സർക്കാർ ഉണ്ടാകുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും ലോകേഷ് ഉറപ്പുനൽകി.
അതേസമയം സാങ്കേതിക തകരാറാണോ അതോ സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയാണോ സ്‌ഫോടനത്തിന് കാരണമെന്ന് കണ്ടെത്താൻ കമ്പനി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു വരികയാണ്.






