കണ്ണൂർ: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്. ആർഎസ്എസ് ആണെന്ന് പറഞ്ഞ് ക്ഷേത്രത്തിൽ കയറി എന്തും കാണിക്കാമെന്ന് കരുതേണ്ടെന്നും ക്ഷേത്രം കള്ള് കുടിക്കുന്നവരുടെയും കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും ഇടമല്ലെന്നും രാഗേഷ് പറഞ്ഞു. കണ്ണൂർ വേങ്ങാട് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പരാമർശം.
ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ പിന്നീട് ആർഎസ്എസ് ശാഖയിൽ പോകാൻ തുടങ്ങുമെന്നും അവരുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നും രാഗേഷ് ആരോപിച്ചു. കൃഷ്ണനാകാൻ പോകുന്നവരെ ആർഎസ്എസ് കംസനാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ‘വല്ലാണ്ട് കളിക്കാൻ നിൽക്കേണ്ടെന്നും’ രാഗേഷ് മുന്നറിയിപ്പ് നൽകി.
പൊലീസ് ആർഎസ്എസിന് ഒത്താശ ചെയ്യുകയാണെന്നും രാഗേഷ് ആരോപിച്ചു. ആയുധങ്ങളുമായി സംഘടിക്കുന്ന ആർഎസ്എസിനെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്നും സിപിഎം പ്രതിഷേധങ്ങൾക്ക് മൈക്ക് പെർമിഷൻ നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സ്വന്തം ജോലി ചെയ്യണമെന്നും പ്രതിഷേധക്കാരെ ആക്രമിക്കാൻ വന്നാൽ തിരിച്ചടിക്കുമെന്നും രാഗേഷ് പ്രസംഗത്തിൽ വ്യക്തമാക്കി.




