ലഖ്‌നൗ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന മകന്റെ ആഗ്രഹം അംഗീകരിക്കാത്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ 42കാരിയായ അമ്മയെ 17കാരനായ മകൻ കൊലപ്പെടുത്തി. ലഖ്‌നൗവിലെ രാജേന്ദ്ര നഗർ മേഖലയിലെ അപ്പാർട്ട്മെന്റിലാണ് വ്യാഴാഴ്ച കൊലപാതകം നടന്നത്.
രാജേന്ദ്ര നഗർ ക്രോസിങ്ങിന് സമീപമുള്ള വിഷൻ അപ്പാർട്ട്മെന്റിലാണ് സംഭവം. നാക ഹിന്ദോള പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത്. പോലീസ് പറയുന്നതനുസരിച്ച്, കൗമാരക്കാരൻ പെൺകുട്ടിയായി ജീവിക്കുകയും സ്വയം അവതരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു. താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കൗമാരക്കാരൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് പകരം കൗൺസിലിങ്ങിന് വിധേയനാകാൻ അമ്മ ഉപദേശിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
വ്യാഴാഴ്ച ലഖ്‌നൗവിലെ വീട്ടിലെത്തിയ 17കാരൻ അമ്മയോട് ചായ ചോദിക്കുകയും, അമ്മ അടുക്കളയിലേക്ക് പോകുന്നതിനിടെ പുറകിൽനിന്ന് മാസ്റ്റർ റെഞ്ച്(കട്ടികൂടിയ സ്പാനർ) കൊണ്ട് തലയിൽ അടിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പിന്നീട്, 15 മിനിറ്റിനുള്ളിൽ പ്രതി പിതാവിനെയും പോലീസിനെയും വിളിച്ച് കൊലപാതകവിവരം അറിയിച്ചു.”ഞാൻ എന്റെ അമ്മയെ കൊന്നു” എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് നാകാ ഹിന്ദോല പോലീസും ഡിസിപി വെസ്റ്റ് ജിതേന്ദ്ര ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച റെഞ്ച്, രക്തം പുരണ്ട വസ്ത്രങ്ങൾ, പ്രതിയുടെ മൊബൈൽ ഫോൺ, ഡയറി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
നാക ഹിന്ദോള സ്റ്റേഷൻ ഹൗസ് ഓഫീസർ വിവേക് കുമാർ ചൗധരി പറയുന്നതനുസരിച്ച്, കൗമാരക്കാരൻ ജെൻഡർ ഡിസ്ഫോറിയ അനുഭവിക്കുന്നുണ്ടാകാമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ ഇക്കാര്യം വിദഗ്ധരുടെ പരിശോധനയിലൂടെയും തുടർ അന്വേഷണത്തിലൂടെയും മാത്രമേ സ്ഥിരീകരിക്കാനാകൂ.
കൗമാരക്കാരന് വിദഗ്ധരുടെയും മെഡിക്കൽ പ്രൊഫഷണലുകളുടെയും കൗൺസലിങ് നൽകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിന്റെ കൃത്യമായ സാഹചര്യങ്ങളും കൊലപാതകത്തിലേക്ക് നയിച്ച സംഭവക്രമവും ഫോറൻസിക് പരിശോധനയുടെയും വിശദമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.




