ആലപ്പുഴ: വി ഡി സതീശനെതിരെ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി. സതീശൻ തന്റെ പ്രവർത്തന ശൈലി മാറ്റണമെന്നും പെരുമാറ്റത്തിൽ കുറച്ചുകൂടി പക്വത കാണിക്കണമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെക്കുറിച്ച് മുൻപ് ആക്ഷേപം ഉന്നയിച്ചവരാണ് ഇപ്പോൾ ആ സ്ഥാനത്തിരിക്കുമ്പോൾ ഇത്തരത്തിൽ പെരുമാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘എടാ പോടാ’ എന്ന രീതിയിലുള്ള ശൈലി മാറ്റി, കുറച്ചുകൂടി പക്വമായി ഇരുത്തം വന്ന് പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പദവി എന്നത് അദ്ദേഹം ചിലപ്പോഴൊക്കെ മറന്നുപോകുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പരപക്ഷ ബഹുമാനത്തോടുകൂടിയും കൂടെയുള്ള സഹപ്രവർത്തകരെ ഒന്നിച്ചു നിർത്തി മുന്നോട്ടുകൊണ്ടുപോകാനുള്ള നേതൃഗുണം കാണിച്ചുമാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, സി.പി.എമ്മിന് ഇപ്പോൾ താൻ കൊള്ളരുതാത്തവനായി മാറിയെന്നും താൻ എന്ത് തെറ്റാണ് ചെയ്തതെന്നും വെള്ളാപ്പള്ളി ചോദിച്ചു. ശബരിമലയിൽ സ്ത്രീപ്രവേശന വിഷയം ഉയർന്നുവന്നപ്പോൾ തന്നെ തലയിൽ ചുമന്നുകൊണ്ട് നടന്നവരാണ് സി.പി.എമ്മുകാർ.
ഇപ്പോൾ താൻ കൊള്ളില്ലെന്ന് പറയുന്നതിൽ ആത്മാർത്ഥതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായി രണ്ടുതവണ ഭരണത്തിലെത്താൻ സാധിച്ചത് പിണറായി വിജയന്റെ കഴിവുകൊണ്ടാണ്. അന്ന് അദ്ദേഹത്തെ വാഴ്ത്തിപ്പാടിയവർ പിന്നീട് പരാജയം ഉണ്ടായപ്പോൾ താഴ്ത്തുകയാണ് ചെയ്തത്. കാലാകാലത്തോളം ഭരിക്കാൻ ആഗ്രഹിക്കുന്നത് ശരിയാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.






