ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തമായി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിശോധന (എസ്‌ഐആർ) നടപടികൾ നിർത്തിവയ്ക്കണമെന്നും വോട്ടവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടാണ് വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളും ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തിയത്.
ആം ആദ്മി പാർട്ടി, സിപിഎം, സിപിഐ, എസ്എഫ്‌ഐ, എഐഎസ്എ, ഡിവൈഎഫ്‌ഐ തുടങ്ങിയ സംഘടനകളുടെ പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, രാജ്യസഭാ എംപി എ.എ. റഹീം, ബൃന്ദാ കാരാട്ട്, വി. വസീഫ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നിരവധി പ്രവർത്തകരെ വാഹനങ്ങളിൽ കയറ്റി മാറ്റി.
ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്താനായിരുന്നു തീരുമാനം. സംഘടനകളുടെ പതാകകൾക്കൊപ്പം ഭരണഘടനയുടെയും ഡോ. ബി.ആർ. അംബേദ്കറിന്റെയും ചിത്രങ്ങളുമായാണ് പ്രവർത്തകർ എത്തിയത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രതിഷേധക്കാർ ജന്തർ മന്തറിന് സമീപമെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ പൊലീസ് വാഹനങ്ങൾക്ക് ചുറ്റും തടിച്ചുകൂടി പ്രതിഷേധം തുടർന്നു.
പ്രതിഷേധം ശക്തമാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ദില്ലിയിൽ സുരക്ഷ ശക്തമാക്കി. ജന്തർ മന്തർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
സുരക്ഷയുടെ ഭാഗമായി ഡൽഹി മെട്രോയിലെ 11 സ്റ്റേഷനുകളിൽ പ്രവേശനവും പുറത്തേക്കുള്ള വഴികളും താൽക്കാലികമായി അടച്ചു. ജനപഥ്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, സേവാ തീർഥ്, മണ്ടി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐഎൻഎ, ചാവ്ഡി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി എന്നീ സ്റ്റേഷനുകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജീവ് ചൗക്ക്, മണ്ടി ഹൗസ്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ് സ്റ്റേഷനുകളിൽ ഇന്റർചേഞ്ച് സൗകര്യം തുടരും.
കേരളത്തിൽനിന്നും നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി. വനിതകളടക്കമുള്ള പ്രതിഷേധക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ഡൽഹിയിൽ ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്. പൊലീസ് കണക്കനുസരിച്ച് 500ഓളം പേരെ ഇതിനകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






